Sunday, September 1, 2024
HomeTHIRUVANANTHAPURAMവലിയതുറ കപ്പല്‍ അപകടത്തിന് എഴുപത്തഞ്ച് വയസ്സ്.

വലിയതുറ കപ്പല്‍ അപകടത്തിന് എഴുപത്തഞ്ച് വയസ്സ്.

ദുരന്തം വിതച്ച വലിയതുറ കപ്പല്‍ അപകടത്തിന് ഏഴുപത്തഞ്ച് വയസ്സ്.

1947 നവംബര്‍ 23 ഞായറാഴ്ച വൈകിട്ടാണ് എസ്എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പല്‍ വലിയതുറയിലെ ഇരുമ്പ് പാലത്തില്‍ ഇടിച്ചുകയറി തകര്‍ന്നത്.

കപ്പലില്‍ ഉണ്ടായിരുന്നവരും കപ്പല്‍ കാണുവാൻ പാലത്തില്‍ എത്തിയവരുമായ നിരവധി പേരാണ് അന്ന് അപകടത്തില്‍പെട്ടത്. അപകടശേഷം
അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്താനായതെങ്കിലും, കൃത്യമായ മരണസംഖ്യ ഇന്നും ചുരുളഴിയാത്ത രഹസ്യമായ് അവശേഷിക്കുന്നു.

ചരക്കുമായി കടല്‍പ്പാലം ലക്ഷ്യമാക്കി കുതിച്ചുവന്ന കപ്പല്‍ തിരമാലകള്‍ക്കിടയില്‍ നിയന്ത്രണംവിട്ട് പാലത്തില്‍ ഇടിക്കുകയും പാലം നടുവേ മുറിഞ്ഞ് നൂറുക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കമുള്ള കാഴ്ചക്കാരുമായി കടലില്‍ നിലംപൊത്തുകയും ചെയ്തെന്നാണ് അന്ന് സംഭവം നേരില്‍ കണ്ട ദൃസാക്ഷികൾ പറയുന്നത്.
അപകടത്തെ തുടർന്ന് പാലം തകര്‍ന്നതോടെ നൂറ്റാണ്ടുകളായി വലിയതുറയിലൂടെ നടന്നുവന്ന കയറ്റിറക്കുമതി പൂര്‍ണമായും നിലച്ചു.

ശ്രീലങ്കയില്‍നിന്നുള്ള ജാഫ്ന പുകയിലയുടെ പ്രധാന വാണിജ്യകേന്ദ്രം അന്ന് വലിയതുറയായിരുന്നു. പാലം തകര്‍ച്ചയോടെ, കയറ്റിറക്കുമതി മാത്രം ആശ്രയിച്ച്‌ ജീവിച്ചിരുന്നവരുടെ വരുമാനം ഇല്ലാതായി.

തുടർന്ന് ഒൻപത് വര്‍ഷങ്ങൾക്ക് ശേഷം 1956 ഒക്ടോബറില്‍ പകരമായി ഒരു കോടി 10 ലക്ഷം രൂപ ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം നിവലില്‍ വന്നു. അതാണ് ഇന്നത്തെ വലിയതുറ കടല്‍പ്പാലം.

പുതിയ പാലം നിലവില്‍ വന്ന് 66 വര്‍ഷം കഴിഞ്ഞിട്ടും ചരിത്രസ്മാരമായ കടല്‍പ്പാലം സംരക്ഷിച്ച്‌ നിര്‍ത്താന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. രണ്ടുവര്‍ഷം മുമ്പുണ്ടായ ശക്തമായ കടലാക്രമണത്തില്‍ പാലത്തിന്‍റെ മധ്യഭാഗം കടലിലേക്ക് താഴ്ന്ന് തുടങ്ങി.
ഇതോടെ അധികൃതർ പാലത്തിലേക്കുള്ള പ്രവേശനം നിരോധിച്ച്‌ കവാടം അടക്കുകയും ചെയ്തു.

തുടർന്ന് പ്രദേശവാസികളുടെ ശക്തമായ ആവിശ്യത്തെ തുടർന്ന് പാലം പുനരുദ്ധാരണത്തിനായ് സംസ്ഥാന സർക്കാർ 3.35 കോടി അനുവദിച്ചു. എന്നാൽ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും പിന്നീട് ഉണ്ടായില്ല.

വലിയതുറ കപ്പല്‍ അപകടത്തിന്റെ സ്മാരകമായ് അവശേഷിയ്ക്കുന്നത് ഇന്ന് ഈ കടല്‍പ്പാലം മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES