Thursday, August 29, 2024
HomeTHIRUVANANTHAPURAMമഹോത്സവത്തിന് തുടക്കമായി : ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്.

മഹോത്സവത്തിന് തുടക്കമായി : ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്.

മാര്‍ച്ച്‌ 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. കോവിഡിന് ശേഷമുള്ള ആദ്യ പൊങ്കാല. അതുകൊണ്ട് തന്നെ ഇത്തവണ പൊങ്കാലയിടാന്‍ 50 ലക്ഷം പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ സ്ത്രീകളുടെ പൊങ്കാലയിടല്‍ മറ്റൊരു ലോക റിക്കോര്‍ഡാകുമെന്നാണ് പ്രതീക്ഷ.

സുരക്ഷയ്ക്കും തിരക്കു നിയന്ത്രിക്കുന്നതിനുമായി 5 എസ്‌പിമാരുടെ നേതൃത്വത്തില്‍ 800 വനിതകള്‍ ഉള്‍പ്പെടെ 3300 പൊലീസുകാരെ നിയോഗിക്കും. 65 സ്ഥലങ്ങളില്‍ പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ആകെ നിരീക്ഷണ കാമറകളുടെ എണ്ണം 120. ഉത്സവമേഖലയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വിപണനവും കര്‍ശനമായി തടയാനുള്ള നടപടികളും ഉണ്ടാകും. ഉത്സവ ദിനത്തില്‍ കുറ്റമറ്റ രീതിയില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 3,000 പേര്‍ക്ക് ക്യൂവില്‍ നിന്ന് ദര്‍ശനം നടത്താനാകും.

ഉത്സവ മേഖലയില്‍ അഗ്‌നിരക്ഷാസേനയുടെ 6 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫീല്‍ഡില്‍ ഡ്യൂട്ടിക്കായി 15 സ്റ്റേഷന്‍ ഓഫിസര്‍മാരും,10 സ്പെഷല്‍ ടാസ്‌ക് ഫോഴ്സും, 110 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരെയും നിയോഗിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ ഉണ്ടാകും. ഹെല്‍ത്ത് സര്‍വീസിന്റെ 10 ആംബുലന്‍സും 108ന്റെ 2ആംബുലന്‍സും കോര്‍പറേഷന്റെ മൂന്ന് ആംബുലന്‍സും പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ 10 ആംബുലന്‍സും സജ്ജമാക്കി. 6മെഡിക്കല്‍ ക്യാംപുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

ദര്‍ശനത്തിന് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യും. ക്ഷേത്രത്തിലെ അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളിലായി ദിവസവും കാല്‍ലക്ഷത്തോളം പേര്‍ക്ക് അന്നദാനം ഉണ്ടാകും. ഉത്സവ ദിവസങ്ങളില്‍ എല്ലാ ദിവസവും അംബ, അംബിക, അംബാലിക സ്റ്റേജുകളില്‍ കലാപരിപാടികളുണ്ടാകും. ഇന്നു മുതല്‍ തോറ്റം പാട്ടിനും തുടക്കമാകും. ദേവിക്കു മുന്നില്‍ പ്രത്യേകം നിര്‍മ്മിച്ച പന്തലിലാണ് തോറ്റംപാട്ട്. തിരുവനന്തപുരം നഗരം ആകെ ഉത്സവ ലഹരിയിലാണ്. കോവിഡിന് ശേഷമുള്ള പൊങ്കാല ആഘോഷമാക്കുകയാണ് നഗരം.

പൊങ്കാലയോട് അനുബന്ധിച്ച്‌ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമാണെന്ന് ഉറപ്പിക്കും. ഉച്ചഭാഷിണി ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണം. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നതെന്ന് പ്രത്യേകം ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണ്‍ലൈന്‍ രജിസ്റ്റ്രേഷന്‍ നിര്‍ബന്ധമാക്കി. ഹരിത പ്രോട്ടോക്കോള്‍ പരിശോധനയ്ക്കായി സ്‌ക്വാഡ് സജീവമായി പ്രവര്‍ത്തിക്കും. പ്രത്യേക സര്‍വീസുകള്‍ നടത്താനും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവും കണ്ടെത്തും.

പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും നഗരസഭയും ചേര്‍ന്ന് ചെലവിടുന്നത് 8.40 കോടി രൂപയാണ്. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്ന പൊങ്കാലയുടെ സ്പെഷല്‍ ഓഫിസര്‍ ചുമതല തിരുവനന്തപുരം സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിനാണ്. അടിയന്തര നിര്‍മ്മാണശുചീകരണ നടപടികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് 2.50 കോടി രൂപ അനുവദിച്ചു. തദ്ദേശ വകുപ്പ് അനുവദിച്ച തുകയ്ക്ക് പുറമേ കോര്‍പറേഷന്‍ 5.2 കോടി രൂപ കൂടി ചെലവിടും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES