ജലത്തിൻറെ നീരുറവകൾ മനുഷ്യന്റെ അത്യാർത്തികൊണ്ട് മണ്ണിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ തുള്ളി ജലവും പാഴാക്കാതെ ഉപയോഗപ്പെടുത്താനുള്ള ഓർമ്മപ്പെടുത്തലാണ് ലോക ജല ദിനം.
1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന് യുഎൻ സമ്മേളനത്തിലാണ് 1993 മുതൽ ലോക ജല ദിനം ആചരിക്കാൻ ഉള്ള തീരുമാനം വരുന്നത്.
ഇന്നും അഞ്ചുതെങ്ങിൽ പോലും ജീവൻറെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണുള്ളത്, അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തവണയും ഇലക്ഷനിലെ പ്രധാന പ്രചരണ വാഗ്ദാനങ്ങളിൽ ഒന്ന് അഞ്ചുതെങ്ങിലെ കുടിവെള്ള പ്രശ്നനപരിഹാരമാണ്.
എന്നാൽ മാറി മാറി വിജയിച്ച ജനപ്രതിനിധികൾക്കോ ഭരിച്ച സർക്കാരുകൾക്കോ കടലിനും കായലിനാലും ചുറ്റപ്പെട്ടുകിടക്കുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ളക്ഷാമത്തിന് നാളിതുവരെയും ശാസ്വത പരിഹാരം കാണുവാൻ കഴിഞ്ഞിട്ടില്ല. ഇന്നും ഭക്ഷണം പാചകം ചെയ്യുന്നതിനടക്കം തീരവാസികളുടെ ഏക ആശ്രയം പൈപ്പ് ലൈനുകൾ വഴിയെത്തുന്ന കുടിവെള്ളം മാത്രമാണ്.
തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിലെ ജനതയെ ഒന്നടങ്കം ഒരുപോലെ ബാധിക്കുന്ന ഈ പൊതു വിഷയം പരിഹരിക്കുവാനായി ലോക ബാങ്കിൽ നിന്നടക്കം സഹായം വാങ്ങിക്കൊണ്ട് കോടികളുടെ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും ഇവ ലക്ഷ്യപ്രാപ്തിയിലെത്തിയ്ക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് ആയില്ല.
ഇന്നും അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണമാത്രമാണ്, ചിലപ്പോൾ ആഴ്ചകളോളം കിട്ടാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ മുക്കാൽ പങ്കും കാലപ്പഴക്കത്താൽ തകരുന്ന പൈപ്പിലൂടെ പാഴായിപോകുന്നു.
ഓരോ ജലദിനത്തിലും
ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ മനസ്സിലാക്കികൊടുക്കുവാനായ് കോടികൾ ചിലവഴിച്ചു പരസ്യങ്ങൾ നൽകുന്ന സർക്കാർ സംവിധാനങ്ങൾപോലും ജലദിനാചരണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം.
കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി മാസങ്ങളോളം കുടിവെള്ളം ഉപയോഗശൂന്യമായി ഒഴുകി പോയാലും ഇവയൊന്നും സമയബന്ധിതമായി അറ്റകുറ്റപ്പണികൾ തീർക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ല. ഓരോ പ്രദേശത്തെയും പൈപ്പ് ലൈൻ സംബന്ധമായ പരാതികൾ പ്രദേശവാസികൾ ബന്ധപ്പെട്ടവരെ അറിയിച്ചാൽ പോലും ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ജീവനക്കാർ തിരിഞ്ഞു നോക്കാറില്ല.
കുടിവെള്ള പൈപ്പുകൾ പൊട്ടി ഹൈ പ്രഷറിൽ ഒഴുകിപോകുന്നതോടെ വെള്ളത്തിന്റെ ഫോഴ്സ് കുറയുകയും മറ്റു പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നതിന് ഇത് തടസ്സം ആവുകയും ചെയ്യുന്നു.
ഇതിനാൽ തന്നെ അഞ്ചുതെങ്ങിലെ വിവിധ ഉൾപ്രദേശങ്ങളിലെ കോളനികൾ അടക്കമുള്ള സ്ഥലങ്ങളിൽ കുടിവെള്ളം ക്ഷാമം അതിരൂക്ഷമാകുവാനും കാരണമായിത്തീരുമെന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും മാസങ്ങൾ കഴിഞ്ഞാകും നന്നാക്കുവാനുള്ള നടപടി കൈക്കൊള്ളുക.
പലതവണകളായുള്ള പ്രദേശവാസികളുടെ പ്രതിഷേധങ്ങളുടെയും, രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുടെയും ഇടപെടലുകളുടെയും ഫലമായി പ്രദേശത്തെ കാലപ്പഴക്കം ചെന്ന എല്ലാ പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുമെന്നും വാട്ടർ ടാങ്കും പമ്പ് ഹൗസും സ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും ഇത് യാഥാർഥ്യമായാൽ അഞ്ചുതെങ്ങ് കുടിവെള്ള ക്ഷാമത്തിനു പരിപൂർണ്ണ പരിഹാരം ഉണ്ടാകുമെന്നതിൽ കൃത്യമായ മറുപടി നൽകുവാൻ അധികൃതർക്ക് പോലും സാധിക്കാത്ത അവസ്ഥയാണ്.

