മണിപ്പൂര്‍ സംസ്ഥാനത്തിന്റെ 90ശതമാനം വരുന്ന ഭൂവിഭാഗം മലനിരകള്‍ ആണ്. അതായത് വനമേഖല അടങ്ങുന്ന മലനിരകള്‍. ജനസംഖ്യയുടെ 40 ശതമാനം വരുന്ന കുക്കി നാഗ ഗോത്രങ്ങള്‍ താമസിച്ചിരുന്നത് ഇവിടെയാണ്. ബാക്കി വരുന്ന 10ശതമാനം സമതലത്തില്‍ തലസ്ഥാനമായ ഇംഫാലിന്റെ ചുറ്റുമാണ്.
മീതെയ് വിഭാഗത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സന്മാഹികളും ഉണ്ട്. കുക്കി നാഗാ സമൂഹം ഭൂരിഭാഗവും ക്രിസ്ത്യന്‍ സമൂഹം ആണ് എങ്കിലും ഈ മേല്പറഞ്ഞ ഗോത്രങ്ങളില്‍ എല്ലാം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. നാഗാലാന്റിലും മണിപ്പൂരിലും ഈ ഗോത്രങ്ങള്‍ തമ്മില്‍ പലപ്പോഴും ഏറ്റമുട്ടല്‍ പതിവായിരുന്നു.
കുക്കി നാഗ ഗോത്രങ്ങള്‍ക്ക് ST ഷെഡ്യൂള്‍ഡ് ട്രൈബ് സ്റ്റാറ്റസ് ഉള്ളതുകൊണ്ടും 90ശതമാനം മലനിരകളില്‍ പാര്‍ക്കുന്ന ഇവരുടെ ഭൂമി സംരക്ഷിത മേഖലയായതു കൊണ്ട് അവര്‍ കൈവശം വയ്‌ക്കുന്ന ഭൂമി വാങ്ങാനോ കൈമാറ്റം ചെയ്യാനോ സാധ്യമല്ല. എന്നാല്‍ 10 ശതമാനം വരുന്ന ഇംഫാലിലെ ഭൂമി വാങ്ങാന്‍ ആര്‍ക്കും വിലക്കില്ല.
▪️കലാപങ്ങൾക്കുള്ള കാരണങ്ങള്‍..?
പട്ടിക വര്‍ഗ്ഗ അനൂകൂല്യങ്ങള്‍ ഉള്ള കുക്കി നാഗ സമൂഹത്തിന് ജോലിയിലും ആനുകൂല്യങ്ങളിലും എല്ലാം സംവരണം ലഭിക്കുന്നത് കാരണം അവര്‍ ജീവിതത്തില്‍ മുന്നേറ്റം നടത്തി കൊണ്ടിരുന്നു. ഇതേതുടർന്ന്, മീതേയ് സമുദായത്തിന്റെ ഭൂമിയും തൊഴിലും ആനുകൂല്യങ്ങളും എല്ലാം നഷ്ടമാവുന്നത് തടയാന്‍ തങ്ങള്‍ക്കും പട്ടികവര്‍ഗ്ഗ പദവി ലഭിക്കണം എന്ന് പറഞ്ഞു 2012 ലാണ് മീതേയ് സമുദായം കോടതിയെ സമീപിക്കുന്നത്.
ഒരു പതിറ്റാണ്ടിന് ശേഷം മീതേയ് സമൂഹത്തെ പട്ടികവര്‍ഗ്ഗ സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ മാര്‍ച്ച് 2023 ല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മീതേയ് സമൂഹത്തിന് സംവരണം ലഭിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമോ എന്ന ആശങ്കയാണ് സംഘർഷത്തിനുള്ള പ്രധാന കാരണം.
ഇതോടെ, ഗോത്ര വര്‍ഗ്ഗങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് All India Tribal Students Union of Manipur – ATSUM നടത്തിയ റാലിയില്‍ മീതേയ് സമുദായത്തിന്റെ ജനവാസ കേന്ദ്രങ്ങളില്‍ വ്യാപകമായി ആക്രമണം നടന്നു. സംഘര്‍ഷം കനത്തതോടെ മീതേയ് വിഭാഗം ഗോത്രവര്‍ഗ്ഗ മേഖലകളില്‍ കയറി തിരിച്ചടിച്ചു. ഇതോടെ കലാപം വ്യാപിച്ചു തുടർന്ന് പള്ളികളും ക്ഷേത്രങ്ങളും സ്‌കൂളുകളും വീടുകളും ഇരുവിഭാഗങ്ങളുടെയും നഷ്ടപ്പെട്ടു. കണക്കുകള്‍ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല എങ്കിലും അനേകം മനുഷ്യ ജീവനുകള്‍ ഇതിനോടകം നഷ്ടമായി.
സംരക്ഷിത വനമേഖലയായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള ചുരചന്ദ്പൂര്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറി പാര്‍ത്തവരെ ഒഴിപ്പിക്കാനായി സര്‍ക്കാര്‍ തീരുമാനം എടുത്തതാണ് മറ്റൊരു കാരണം.
ഈ വനഭൂമി കൈയേറിയിട്ടുള്ളതാണെന്നും ഇവിടെയുള്ളവര്‍ അനധികൃത കുടിയേറ്റക്കാരാണ് എന്നും വ്യക്തമാക്കി ഇവിടെനിന്ന് ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ബര്‍മയിലെയും ബംഗ്ലാദേശിലെയും കുടിയേറ്റക്കാര്‍ ആണ് ഈ ഭാഗത്ത് താമസിച്ചു വരുന്നത്.
കുടിയേറി വരുന്നവര്‍ വനഭൂമി അനധികൃതമായി കയ്യേറി ഓരോ പുതിയ ഗ്രാമങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ തുടങ്ങിയത് തടയാനാണ് സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം ഒഴിപ്പിക്കലുകള്‍ മീതേയ് സമുദായത്തിന് വേണ്ടിയുള്ള ഗൂഢാലോചന ആണെന്നും പതുക്കെ അവര്‍ ഗോത്രവര്‍ഗ്ഗ മേഖലകള്‍ പിടിച്ചടക്കും എന്ന് പറഞ്ഞു നാഗ കുക്കി ഗോത്രങ്ങള്‍ കലാപം ആരംഭിച്ചു.
കുക്കി, പൈതെ, ഹമാര്‍, സൗ, സിംതെ, ഗാങ്‌തെ, വൈഫെയി, മിസോ ഗോത്ര വര്‍ഗക്കാരെ ‘സംരക്ഷിത വനമേഖല’യില്‍നിന്ന് ഇറക്കി വിടാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഗോത്രസംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ‘ഇന്‍ഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം ‘ഐടിഎല്‍എഫ്’ എന്ന സംഘടന സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു, ഇത് പിന്നീട് സംഘര്‍ഷ സ്ഥിതി രൂക്ഷമാക്കുകയായിരുന്നു.
ഇതിനൊക്കെ, പുറമേ, മറ്റൊരു വസ്തുത കൂടി പരിശോധിക്കേണ്ടതുണ്ട്.
മുമ്പ് മണിപ്പൂരിലെ 34 ഗോത്രവിഭാഗങ്ങളും വളരെ ഐക്യത്തോടെയാണ് ജീവിച്ചിരുന്നത്. മണിപ്പൂരിലെ നിലവിലെ പ്രതിസന്ധി കുക്കിയും മെയ്തി ഗോത്രങ്ങൾ തമ്മിലുളളതോ ഭൂരിപക്ഷമോ ന്യൂനപക്ഷമോ, ക്രിസ്ത്യനോ ഹിന്ദുവോ തമ്മിലോ അല്ലെന്നതാണ് സത്യത്തിൽ വസ്തുത.
‘മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്ക് സമീപം ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ പോപ്പി കൃഷി യഥേഷ്ടം നടന്നുവരുന്നുണ്ട്.’ മയക്കുമരുന്നുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും സംസ്ഥാനത്ത് ലഹരി ആസക്തരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം നിര്‍വ്വചിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് ഇടനാഴിയാണ് ഈ മേഖല എന്നാണ്. ഏഷ്യാ, പസഫിക് മേഖലയാകെ ഹെറോയിന്‍, കറുപ്പ്, മെത്താംഫെറ്റാമൈന്‍ പോലുള്ള സിന്തറ്റിക് മരുന്നുകള്‍ എന്നിവ എത്തിച്ചേരുന്നത് ഇവിടെ നിന്നാണെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു. എളുപ്പത്തില്‍ പണം കണ്ടെത്താമെന്നതിനാല്‍ ചെറുപ്പക്കാർ ഉൾപ്പെടുന്ന സായുധസംഘങ്ങളാണ് ഇത് നിയന്ത്രിച്ചിരുന്നത്.
ഇവർ, തുറന്നുകിടക്കുന്ന മ്യാന്മാര്‍ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടുവരുന്നു. കലാപകാരികളുടെ ആയുധ – സാമ്പത്തിക സ്രോതസ്സും ഇതാണ്. ’90കളിലും 80 കളിലും മയക്കുമരുന്ന് വില്‍ക്കുന്ന ഏതാനും ചില കേന്ദ്രങ്ങള്‍ മാത്രമാണ് മണിപ്പൂരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് വ്യാപകമായിരിക്കുന്നു. ഇവർക്ക് രാജ്യത്തിനും പുറത്തുനിന്നുമുള്ള ഏതാനും തീവ്രവാദ സംഘടനകളുടെ സഹായവും ലഭ്യമാകുന്നുണ്ട്. മ്യാൻമറിൻ്റെയും ചൈനയുടെയും അതിർത്തിയോട് ചേർന്നാണ് മണിപ്പൂർ സ്ഥിതി ചെയ്യുന്നത്. മണിപ്പൂർ അതിർത്തിയിലുളള 398 കിലോ മീറ്റർ ഭാഗം ഇപ്പോഴും സുരക്ഷിതമല്ലാതെ നിലകൊള്ളുകയാണ്.