പാമ്പ് കടിയേറ്റ് അഞ്ചുതെങ്ങ് സ്വദേശിനിയായ അറുപതുകാരി ഗുരുതരാവസ്ഥയിൽ. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പുത്തൻനട (വാർഡ് 6 ) പഴയനടയ്ക്ക് സമീപമായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ തൊട്ടടുത്ത വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ വഴിമദ്ധ്യേ റോഡിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്ന അണലി ഇനത്തിൽപ്പെട്ട വിഷപ്പാമ്പ് കടിയ്ക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ഉടൻ തന്നെ ഇവരെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇവർ ഇപ്പോഴും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
മഴക്കാലമായതോടെ അഞ്ചുതെങ്കിലും പ്രാന്ത പ്രദേശങ്ങളിലും വിഷ പാമ്പുകളുടെ സഞ്ചാരം വർദ്ധിച്ചിരിക്കുന്നത് നാട്ടുകാരിൽ ഭീതി പടർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് നെടുങ്കണ്ട ഭാഗത്ത് ഏഴ് അടിയോളം വലിപ്പമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു.

