രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. 3200 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ മടക്കം.
മുന്‍ നിശ്ചയിച്ചതിനേക്കാള്‍ അരമണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി 3200 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചത്.
1900 കോടിയുടെ റെയില്‍വേ വികസന പദ്ധതികള്‍ ഉള്പെടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 3200 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് വിമാനത്താവള മാതൃകയില്‍ നവീകരിക്കാന്‍ 496 കോടി രൂപയുടെ പദ്ധതി. വര്‍ക്കല ശിവഗിരി സ്റ്റേഷന് നവീകരണത്തിന് 170 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. നാല് പുതിയ ട്രാക്കുകള്‍ ഉള്‍പെടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനായി 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനും പ്രധാനമന്ത്രി അവതരിപ്പിച്ചു.
കൂടാതെ, 1515 കോടി രൂപയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിനായി 200 കോടി രൂപയുടെ അനുമതി എന്നിവയാണ് പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും പ്രഖ്യാപിച്ച വികസന പദ്ധതികള്‍.
റെയില്‍വേ വികസന പദ്ധതികള്‍ : 179 കിലോമീറ്റര്‍ ദൂരത്തിലുള്ള റെയില്‍വേ ട്രാക്കുകളാണ് വൈദ്യുതവത്കരിക്കുന്നത്. 242 കോടി രൂപ ചെലവിട്ടാണ് പാലക്കാട്-പളനി-ഡിണ്ടിഗല്‍ റെയില്‍പാത നവീകരിക്കുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ റെയില്‍പാതയില്‍ മെമു ട്രെയിനുകളെ വിന്യസിക്കാനാവുകയും ഈ മാര്‍ഗമുള്ള റെയില്‍വേ ട്രാഫിക്ക് പൂര്‍ണമായി വൈദ്യുതവത്കരിക്കാനും സാധിക്കും.
തിരുവനന്തപുരം, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതികളുടെ തറക്കല്ലിടല്‍. 1140 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം ജില്ലയിലെ ഈ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതി. വിമാനത്താവളങ്ങളുടെ മാതൃകയില്‍ ഈ റെയില്‍വേ സ്റ്റേഷനുകളെ നവീകരിക്കുകയാണ് ലക്ഷ്യം. മള്‍ട്ടി ലെവല്‍ വാഹന പാര്‍ക്കിങ് സൗകര്യം, മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി എന്നിങ്ങനെ സംവിധാനങ്ങള്‍ ഉള്‍പെടുത്തിയുള്ള പദ്ധതിയാണിത്.
156 കോടി രൂപയുടെ പദ്ധതിയായ തിരുവനന്തപുരം മേഖലയുടെ റെയില്‍വേ വികസന പദ്ധതിയുടെ തറക്കല്ലിടല്‍. കൊച്ചുവേളി സാറ്റ്ലൈറ്റ് ടെര്‍മിനലിന്റെ വികസനം, നേമത്ത് പുതിയ ടെര്‍മിനല്‍ എന്നിങ്ങനെ സമഗ്രമായ റെയില്‍വേ വികസന പദ്ധതിയാണിത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ തലസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകും.

