രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടിയിൽ ആശങ്കയും ആശയക്കുഴപ്പങ്ങളും വേണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ).
നിലവിലെ സ്ഥിതിയിൽ സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാനാകുമെന്നും അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ലെന്നും അധികൃതര്‍ പറയുന്നു.
മേയ് 23 മുതല്‍ നോട്ടുകൾ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും.
2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍ നിന്ന് മാറ്റാം.
2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു. അന്ന് അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്. 2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്നില്ല.

