മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങൾ പ്രകൃതി സൗഹൃദമായി മാറുന്നു. ജൈവ-അജൈവ-ദ്രവമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് സുസ്ഥിര സംവിധാനം ഒരുക്കുന്നതിലൂടെയാണ് ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.
അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കായിക്കര ആശാൻ സ്മാരകം, കുമാരനാശാൻ കവിത എഴുതിയിരുന്ന അരിയിട്ടകുന്ന് ചെമ്പകത്തറ, പൊന്നുംതുരുത്ത് എന്നിവയാണ് ഇനി മുതൽ ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനുമായി ചേർന്ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വൈകിട്ട് നാല് മണിക്ക് വക്കം കായലിലെ പൊന്നുംതുരുത്തിൽ ജില്ലാ കളക്ടർ അനുകുമാരി ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തും. നവകേരളം കർമ്മ പദ്ധതി-2 സംസ്ഥാന കോ – ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജു എന്നിവരും പങ്കെടുക്കും.