പ്ളോട്ടുകളായി തിരിച്ച് ഭൂമി വില്‍ക്കുന്നതിന് ശ്രമിക്കുകയോ, നിർമ്മാണ പ്രവർത്തനം നടത്തുകയോ ചെയ്യുന്നതിന് കെ-റെറ(കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി) യില്‍ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം. 500 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള ഭൂമിയില്‍ വില്‍പ്പന ആവശ്യത്തിന് നടത്തുന്ന പ്ളോട്ട് വികസനമാണ് കെ റെറയില്‍ രജിസ്റ്റർ ചെയ്യേണ്ടത്.
ഇതിനായുള്ള സർക്കാർ നിർദ്ദേശങ്ങള്‍ അടങ്ങിയ ചട്ടം തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദർശിപ്പിക്കണം. കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങള്‍ 2019ലെ ചട്ടം 4, റിയല്‍ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ആക്‌ട്, 2016ലെ വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പുകളാണ് പ്രദർശിപ്പിക്കേണ്ടത്.
തങ്ങളുടെ അധികാര പരിധിയില്‍ ചട്ടപ്രകാരമുള്ള വികസന അനുമതി പത്രം, ലേ ഔട്ട് അനുമതി എന്നിവ കൂടാതെ ഭൂമി പ്ളോട്ടാക്കി വിഭജിച്ചതായി അറിയിപ്പ് ലഭിച്ചാല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 235, മുനിസിപ്പാലിറ്റി നിയമം 408-ാം വകുപ്പനുസരിച്ചോ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സ്റ്റോപ് മെമ്മോ നല്‍കാം.
rera.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്ളോട്ട് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. സ്‌ക്വയർഫീറ്റിന് 10 രൂപയാണ് ചാർജ്. ടൗണ്‍ പ്ളാനറുടെ ലേ ഔട്ട് അനുമതി, തദ്ദേശ സ്ഥാപന്തതിന്റെ ഡെവലപ്‌മെന്റ് പെർമിറ്റ് എന്നിവ സമർപ്പിക്കണം. വെബ്‌സൈറ്റില്‍ രജിസ്‌റ്റർ ചെയ്യാത്തവക്ക് വില്‍പന സാദ്ധ്യമല്ല. ഭൂമിയുടെ വിസ്‌തീർണം അര ഹെക്‌ടറിന് മുകളിലാകുകയോ 20ലധികം പ്ളോട്ട് ഉണ്ടാകുകയോ ചെയ്‌താല്‍ ജില്ലാ ടൗണ്‍ പ്ളാനറുടെ അനുമതി വേണം. രജിസ്‌റ്റർ ചെയ്യാതെ പ്ളോട്ട് പരസ്യപ്പെടുത്തുകയോ, വില്‍ക്കുകയോ ചെയ്‌താല്‍ 10 ശതമാനം പദ്ധതിതുകയുടെ പിഴ നല്‍കണം.പ്ളോട്ടുകളായി തിരിക്കുന്ന ഭൂമിയില്‍ റോഡ്, കിണർ, ജലസംഭരണി, പാർക്കിംഗ് തുടങ്ങി പൊതു സൗകര്യങ്ങള്‍ ഉള്ളവയില്‍ അവയുടെ അവകാശം ഉറപ്പാക്കാനും ഭാവി തർക്കങ്ങള്‍ ഒഴിവാക്കാനും ചട്ടപ്രകാരം കെ-റെറയില്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്. എന്നാല്‍ കുടുംബസ്വത്ത് പ്ളോട്ടായി വീതംവയ്‌ക്കുന്നത് കെ-റെറയില്‍ രജിസ്റ്റർ ചെയ്യണമെന്നില്ല.