രാജ്യത്ത് പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു. പാസ്പോര്‍ട്ട് വിതരണത്തിനുള്ള പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം (MEA) ‘mPassport പോലീസ് ആപ്പ്’ പുറത്തിറക്കി.
ഡല്‍ഹി പോലീസിന്റെ 76 -ാമത് റൈസിംഗ് ഡേ പരേഡില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത്. നിലവില്‍ ഡല്‍ഹി മേഖലയിലാണ് ആപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. ഘട്ടംഘട്ടമായി ആപ്പിന്റെ വ്യാപനം രാജ്യമൊട്ടാകെ സാധ്യമാക്കുമെന്നാണു റിപ്പോര്‍ട്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ടിന്റെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷനായി 15 ദിവസം കാത്തിരിക്കേണ്ടതില്ലെന്ന് ആപ്പ് പുറത്തിറക്കി കൊണ്ട് അമിത് ഷാ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പാസ്‌പോര്‍ട്ട് പേലീസ് വേരിഫിക്കേഷനായി പോലീസുകാര്‍ക്ക് 350 മൊബൈല്‍ ടാബ്ലെറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇവ നല്‍കിയിട്ടുള്ളത്. ഇതോടെ പോലീസ് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ണമായും കടലാസ് രഹിതവും, കാര്യക്ഷമവും ആകും. നിലവില്‍ പോലീസ് വേരിഫിക്കേഷനു ശേഷമുള്ള പേപ്പര്‍ നടപടികള്‍ സമയം അപഹരിക്കുന്നതാണ്. പുതിയ സംവിധാനം റിയല്‍ടൈമില്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
കാര്യക്ഷമമായ സേവന വിതരണത്തിനും ഡിജിറ്റല്‍ ഇന്ത്യയ്ക്കും പ്രതിജ്ഞാബദ്ധമാണ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകളെന്നു വ്യക്തമാക്കുന്നതാണ് നടപടി.