അദ്ധ്യയനവർഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ സ്കൂളികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി.
സ്കൂൾ സമയത്ത് കുട്ടികൾ എത്തിയിട്ടില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കുകയും, പുറപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസിനെ അറിയിക്കുകയും വേണം. സ്കൂളിനടുത്ത് ട്രാഫിക് സൈൻബോർഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന്റെ സേവനമുറപ്പാക്കണം, റോഡിനിരുവശവും സ്പീഡ് ബ്രേക്കർ \ഹമ്പുകൾ എന്നിവ ഉറപ്പാക്കാൻ പൊതുമരാമത്ത്,തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.സ്കൂൾ ബസിലുളള കുട്ടികളുടെ എണ്ണം,വാഹനത്തിന്റെ ഫിറ്റ്നസ് എന്നീ മോട്ടോർവാഹന വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഓട്ടോ,ടാക്സി,വാൻ,പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ അതത് അധികാരികളുമായി ചേർന്ന് നടപടി സ്വീകരിക്കുക.
ലഹരി വില്പനഇല്ലെന്ന് ഉറപ്പാക്കണം
സ്റ്റോപ്പുകളിൽ കുട്ടികൾക്ക് കയറാനും ഇറങ്ങാനും സമയം ഉറപ്പാക്കുക. ഫുട്ബോഡിൽ യാത്ര തടയാൻ നടപടി സ്വീകരിക്കേണ്ടതുമാണ്
പരിസരത്തെ കടകളിൽ നിരോധിത വസ്തുക്കൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.
ലഹരിവിരുദ്ധ സമിതികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക
നിർമ്മാണ സാമഗ്രികൾ സഞ്ചാരം തടസ്സപ്പെടാതെയും സുരക്ഷ ഉറപ്പാക്കിയും സൂക്ഷിക്കുക. ഇഴജന്തുക്കൾ കയറുന്ന ഇടങ്ങൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക
നിർമ്മാണ തൊഴിലാളികളുടെ വിവരങ്ങൾ കരാറുകാരൻ ദിവസവും രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നെന്ന് അധികാരികൾ ഉറപ്പാക്കണം
വെള്ളക്കെട്ടുള്ളതും രൂപപ്പെടാൻ സാദ്ധ്യതയുള്ളതുമായ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.
സ്കൂൾ അടുക്കള പാചകം ചെയ്യുന്ന പാത്രങ്ങൾ നിർബന്ധമായും ശുചീകരിച്ച് അണുവിമുക്തമാക്കുന്നതിന് പുറമേ കാലാവധി കഴിഞ്ഞ ധാന്യങ്ങൾ,ഭക്ഷ്യവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് പ്രഥമാദ്ധ്യാപകൻ ഉറപ്പുവരുത്തണം
കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കുകയും കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം
കുട്ടികൾ സ്കൂളിലേക്ക് സഞ്ചരിക്കുന്ന വഴികളിലെ കുറ്റിക്കാടുകൾ വെട്ടിമാറ്റാൻ വകുപ്പുകളുമായി ചേർന്ന് നടപടി സ്വീകരിക്കുക,വന്യമൃഗ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ സംരക്ഷണ വേലി ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.