പട്ടികജാതി വികസന വകുപ്പ് മുഖേനയുള്ള ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നതിന് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിൽ ആധാർ സീഡിംഗ് നിർബന്ധമാണ്. എന്നാൽ ആധാർ സീഡിംഗ് എന്നത് ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കുന്ന നടപടിയാണെന്ന ധാരണ പൊതുവായുണ്ട്. ആധാർ ലിങ്കിങ്ങും, ആധാർ സീഡിങ്ങും രണ്ട് രീതിയിലുള്ള പ്രക്രിയകളാണ്.
ആധാർ സീഡിംഗ് അഥവാ ആധാർ മാപ്പിംഗ് നടപടിയെകുറിച്ച് പലർക്കും വേണ്ടത്ര വ്യക്തതയില്ലാത്തതിനാൽ ഇത് സംബന്ധിച്ച സംശയങ്ങളുമായി ധാരാളം വിദ്യാർത്ഥികളും അധ്യാപകരും വകുപ്പിനെ സമീപിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണ പ്രക്രിയക്ക് പ്രയോജനകരമാകുന്നതിനായി ആധാർ സീഡിംഗ് അഥവാ ആധാർ മാപ്പിംഗ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ധനവിനിയോഗത്തിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി
ഡി.ബി.റ്റി (Direct Benefit Transfer) സംവിധാനം മുഖേനയാണ് ഇപ്പോൾ സ്കോളർഷിപ് തുക ഇ-ഗ്രാന്റ്സ് വഴി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നത്. Direct Benefit Transferന്റെ ഭാഗമായി സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന സ്കോളർഷിപ്പ്/ സബ്സിഡി എന്നിവ ഗുണഭോക്താവിന്റെ ഏതു അക്കൗണ്ടിൽ പേയ്മെന്റ്റ് നടത്തണം എന്ന വിവരം നാഷണൽ പേയ്മെന്റ്റ് കോർപറേഷന് ഓഫ് ഇന്ത്യ, നാഷണൽ ഓട്ടോമേറ്റഡ് ക്ലീയറിങ് ഹൗസ് എന്നിവയുടെ ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് ആധാർ സീഡിങ് എന്ന് പറയുന്നത്.
ആധാർ സീഡിങ്ങിനായി എല്ലാ ഗുണഭോക്താക്കളും ആവശ്യമായ രേഖകൾ സഹിതം അവരവർക്ക് അക്കൗണ്ട് ഉള്ള ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടേണ്ടതാണ്. ആധാർ സീഡിങ് അഥവാ ആധാർ മാപ്പിംഗ് നടപടികൾ പൂർത്തിയായ ബാങ്ക് അക്കൗണ്ടുകൾ മാത്രമേ ഇ ഗ്രാന്റ്സിൽ അപ്‌ലോഡ് ചെയ്യുവാൻ സാധിക്കു എന്ന വിവരവും ഓർമിപ്പിക്കുന്നു.
ആധാർ സീഡിംഗിനായി ബാങ്കുകളിൽ സമർപ്പിക്കേണ്ട അപേക്ഷ ഫോമിന്റെ പകർപ്പ് കമന്റ് ബോക്സിൽ ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.

