കമ്പനികൾക്കും വ്യക്തികൾക്കും വാങ്ങാൻ കഴിയുന്ന ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാർഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികൾക്ക് ധനസമാഹരണത്തിന് അവസരമൊരുക്കുന്ന ഒന്നാണ് ഇലക്ടറൽ ബോണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) വഴിയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്.
2017ലെ ബജറ്റ് സമ്മേളനത്തിൽ മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഇലക്ടറൽ ബോണ്ട് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. പിന്നീട് ധനകാര്യ നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികൾ വരുത്തി, ധനബില്ലുകളിലൂടെ നിക്ഷേപസമാഹരണം നടത്താവുന്ന ഉറവിടമായി രാഷ്ട്രീയ പാർട്ടികൾക്ക് ഈ പദ്ധതി ഉപയോഗിക്കാമെന്ന് 2018 ജനുവരിയിൽ പ്രഖ്യാപിച്ചു.
1000, 10,000, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ എന്നീ തുകകളിലാണ് ബോണ്ടുകൾ വിൽക്കുന്നത്. കോർപ്പറേറ്റുകളും വിദേശ സ്ഥാപനങ്ങളും ഈ സ്കീമിന് കീഴിൽ നൽകുന്ന സംഭാവനകൾക്ക് 100 ശതമാനം നികുതി ഇളവ് നൽകുന്നു. ഇതുകൂടാതെ ബോണ്ടുകൾ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. പണം സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയും പണം നൽകുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി വയ്ക്കും.
▪️സംഭാവനകൾ നൽകുന്നത്..?
ഒരു രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകുന്നതിന് കെ വൈ സി അക്കൗണ്ട് വഴി ബോണ്ടുകൾ വാങ്ങാവുന്നതാണ്. ശേഷം ഈ ബോണ്ടുകൾ പണം നൽകാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് നൽകാം. ഈ രാഷ്ട്രീയ പാർട്ടികൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ സംഭാവനകൾ പണമാക്കി മാറ്റേണ്ടതുണ്ട്. ഒരു വ്യക്തിക്കോ കമ്പനിക്കോ വാങ്ങാൻ കഴിയുന്ന ഇലക്ടറൽ ബോണ്ടുകളുടെ എണ്ണത്തിന് പരിധിയില്ല എന്ന പ്രത്യേകതയും ഇലക്ടറൽ ബോണ്ടുകൾക്കുണ്ട്.
▪️ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിക്കുന്നവർ..?
1951ലെ റെപ്രസെന്റേഷൻ ഓഫ് ദ പീപ്പിൾസ് ആക്ടിന്റെ 29എ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ലോക്സഭയിലേക്കോ ഒരു സംസ്ഥാന നിയമസഭയിലേക്കോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ ഒരു ശതമാനത്തിൽ കുറയാതെ വോട്ട് നേടിയ രാഷ്ട്രീയകക്ഷികൾക്കും ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിക്കാൻ സാധിക്കും.

