അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ മുന്നറിയിപ്പില്ലാതെ ഗ്രാമ സഭ മാറ്റിവച്ചതായ് ആക്ഷേപം. 2024-2025 വാർഷിക പദ്ധതി രൂപീകരണത്തിനായ് വിളിച്ചുചേർത്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 9 വാർഡിലെ ഗ്രാമസഭയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റിവെച്ചത്.
9-ാം വാർഡിലെ ഗ്രാമസഭ ഇന്ന് പകൽ 2 മണിക്ക് അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂളിൽ വച്ച് കൂടുവാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം ഒരു മണിയോടെ അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിന് മുന്നിൽ മുതിർന്ന സ്ത്രീകളും പരുഷന്മാരുമടക്കമുള്ള നാട്ടുകാർ കൂട്ടമായ് എത്തിച്ചേർന്നിരുന്നു.
എന്നാൽ രണ്ടു മണികഴിഞ്ഞും സ്കൂളിന്റെ ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് ഏതാനും ചിലർ മെമ്പറിനെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചപ്പോഴാണ് ഗ്രാമസഭ മാറ്റി വെച്ചതായി അറിയിച്ചത്. ഗ്രാമസഭയ്ക്ക് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥർക്ക് ഇന്ന് എത്തിച്ചേരാൻ കഴിയാത്തതാണ് ഗ്രാമസഭ മാറ്റിവയ്ക്കാനുള്ള കാരണമെന്നാണ് മെമ്പർ പറഞ്ഞതായ് നാട്ടുകാർ പറയുന്നത്.
ഗ്രാമസഭയിൽ പങ്കെടുക്കുവാൻ വേണ്ടി മാത്രമായി മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചെത്തിയ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകാതെ ഗ്രാമസഭ മാറ്റിവച്ച നിലപാടിൽ കടുത്ത അമർഷമുണ്ട്.
2024 – 2025 വാർഷിക പദ്ധതി രൂപീകരണം, 2023 – 24 പദ്ധതി അധിക ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കൽ തുടങ്ങിയവയായിരുന്നു ഇന്നത്തെ ഗ്രാമസഭയിലെ പ്രധാന അജണ്ടകൾ.

