തീരദേശമായ അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് അനധികൃത മണ്ണെണ്ണ വിൽപ്പന കേന്ദ്രങ്ങൾ വ്യാപകം. മണ്ണെണ്ണ, പെട്രോൾ, ഡീസൽ, ഗ്യാസ്, ഓയിൽ എന്നിവയെല്ലാം വീടുകളും കടകളും കേന്ദ്രീകരിച്ചുമുള്ള വില്പനയാണ് വ്യാപകമാകുന്നത്.
മണ്ണെണ്ണ മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങിയാണ് ഇവ അമിത വിലയ്ക്ക് അനധികൃത വില്പന നടത്തുന്നത്. റേഷൻ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നുപോലും ഇത്തരം കേന്ദ്രങ്ങളിലേക്ക് മണ്ണെണ്ണ അനധികൃതമായി എത്തുന്നുണ്ട്. ഗ്യാസ് ഏജൻസികളിൽ നിന്നും ഗ്യാസും യഥേഷ്ടം ഇവിടേക്ക് എത്തുന്നുണ്ട്. മണ്ണെണ്ണയുടെയും ഓയിലിന്റെയും ഉപഭോക്താക്കൾ വള്ളമുടകളാണ്. ചെറുകിട വള്ളമുടമകൾ ഇത്തരം വില്പന കേന്ദ്രങ്ങളിൽ നിന്നാണ് മണ്ണെണ്ണയും ഓയിലും വാങ്ങുന്നത്.
തീരദേശ മേഖലയിൽ ഉടനീളം ഇത്തരം അനധികൃത വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവ പ്രവർത്തിക്കുന്നത്.
ബാരലിൽ നിന്നും ആവശ്യക്കാർക്ക് മണ്ണെണ്ണ പകർന്ന് നൽകുന്നതിനിടെ കഴിഞ്ഞദിവസം അഞ്ചുതെങ്ങിലുണ്ടായ തീപിടിത്തം ഇതിന് ഉദാഹരണമാണ്. ചെറുകിട
മത്സ്യത്തൊഴിലാളികളുടെ ആശ്രയമായതിനാൽ പ്രാദേശിക ഭരണകൂടങ്ങൾ ഇത്തരം വില്പന കേന്ദ്രങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ്.

