റഷ്യൻ യുദ്ധഭൂമിയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ ടിനുവിന്റെയും വിനീതിന്റെയും കുടുംബങ്ങൾ കേന്ദ്ര മന്ത്രിയെ ആശങ്കകൾ അറിയിച്ചു.
റഷ്യയിൽ കുടുങ്ങിയ ടിനു വിനെയും വിനീതിനെയും ഉടൻ തന്നെ കണ്ടെത്തി നാട്ടിലെത്തിക്കുവാനുള്ള നടപടികൾ ഉണ്ടാകണമെന്ന് കുടുംബം കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥന നടത്തി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ വി മുരളീധരന്റെ വികസന രേഖയുടെ കരട് രേഖ പ്രകാശന ചടങ്ങിനായ് ആറ്റിങ്ങലിൽ എത്തിയപ്പോഴാണ് ടിനുവിന്റേയും വിനീതിന്റെയും കുടുംബങ്ങൾ കേന്ദ്ര മന്ത്രിയോട് ആശങ്കകൾ പങ്കുവച്ചത്.
ഇവരെ അടിയന്തരമായി കണ്ടെത്തുവാനുള്ള നടപടികൾ റഷ്യൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്നുവരികയാണെന്നും എത്രയും പെട്ടെന്ന് തന്നെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി ജയശങ്കർ പറഞ്ഞു.
അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിന് സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ നിർമ്മല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ ബിന്ദു ദമ്പതികളുടെ മകൻ റ്റിനു (25), സിൽവ പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. ഇവർ ബന്ധു സഹോദരങ്ങളാണ്. ഇവരിൽ പ്രിൻസ് സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയിരുന്നു. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റിന്റെ ചതിയിൽപ്പെട്ടാണ് ഇവർ റഷ്യയിൽ എത്തി പിന്നീട് യിദ്ധമുഖത്ത് അകപ്പെടുകയും ചെയ്തത്.
ബിജെപി നേതാക്കളായ അഡ്വ എസ്എ സുരേഷ്ൻ, തോട്ടയ്ക്കാട് ശശി, ആറ്റിങ്ങൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ്ക സന്തോഷ്കുമാർ, എൻആർഐ സംസ്ഥാന കൺവീനർ എൻ ഹരികുമാർ, ആറ്റിങ്ങൽ കൂട്ടായ്മ ഭാരവാഹികളായ ബിനു സദാനന്ദൻ , പ്രസാദ്, സുഭാഷ് , രാഗേഷ് ഓയാസിസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.