അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങുന്നതിനുള്ള തീയതിയിൽ മാറ്റം. ഓഗസ്റ്റ് അഞ്ച് മുതല്‍ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. നേരത്തെ ഓഗസ്റ്റ് ഒന്നാം തിയതി മുതല്‍ രജിസ്ട്രേഷന് നടത്താം എന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ ഇത് മാറ്റി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാക്കി. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്ട്രേഷന് ചെയ്യാം.
ചില സാങ്കേതിക കാരണങ്ങളാലാണ് ഓഗസ്റ്റ് ഒന്നില്‍ നിന്ന് രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റിയതെന്ന് തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബര്‍ 15 മുതല്‍ നവംബര്‍ 30 വരെയാണ് നടക്കുക. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.
പത്താം ക്ലാസ് പാസായവര്‍ക്കാണ് അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്നിവീര്‍ ട്രേഡ്സ്മെന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ അവസരം. അതേസമയം അഗ്നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങള്‍ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
അപേക്ഷിക്കുന്നവരുടെ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ തുടങ്ങിയവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ നല്‍കും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ 2022 നവംബര്‍ 01 മുതല്‍ 10 വരെ ഇമെയിലില്‍ ലഭിക്കുന്നതാണ്.

