പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അക്രമങ്ങൾക്കുമെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ ശക്തമായ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു.
ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം.
അക്രമം തടയാന്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി. വിശദമായ ഉത്തരവ് വരും മണിക്കൂറുകളിൽ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികള്‍ നിരത്തിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. കല്ലേറില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഉളിയില്‍ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. അമ്പതോളം ബസുകളുടെ ചില്ല് തകര്‍ന്നു. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ആറ്റിങ്ങലിലും നിരവധി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.

