ഇടതുപക്ഷ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 12 നു സമരം നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കുന്നു എന്ന കുപ്രചാരണം തിരിച്ചറിഞ്ഞ പല തൊഴിലാളികളും മറ്റു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന തൊഴിലാളികളും അനാവശ്യ സമരത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്ന് അടുത്ത ദിവസം നിരവധി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുകയായിരുന്നു.
സമരത്തിന് വേണ്ടി നിർബന്ധമായി പാവപ്പെട്ട തൊഴിലാളികളിൽ നിന്നും പണപ്പിരിവും നടത്തിയതായി തൊഴിലാളികൾ പരാതിപ്പെടുന്നു. രാഷ്ട്രീയമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുമെന്നതിനെതിരെയും പാവപ്പെട്ട തൊഴിലാളികളിൽ നിന്നും നിർബന്ധമായി പണപ്പിരിവു നടത്തുന്നതിനെതിരെയും ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി എഡിസൺ പെൽസിയൻ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ട തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കപ്പെട്ട സാഹചര്യം അങ്ങേയറ്റം അപലപാനീയമാണ്. അനുവദിക്കപ്പെട്ട തൊഴിൽ തൊഴിലാളിയുടെ അവകാശമാണ്. പരാതിപ്പെടുന്നതിനെതിരെയും ഭീഷണി ഉണ്ടെന്നു തൊഴിലാളികൾ തന്നെ അറിയിച്ചു. തൊഴിൽ നിഷേധം, രാഷ്ട്രീയമായി തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കുന്നത്, തൊഴിൽ ഇടങ്ങളിലെ നിർബന്ധിത രാഷ്ട്രീയ പണപ്പിരിവ് തുടങ്ങി ഇടതുപക്ഷ നയങ്ങൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകുമെന്നും ഇത്തരം നീചമായ നിലപാടെടുത്തവർക്കെതിരെ നടപടി ഉണ്ടാകുന്നതു വരെ പ്രതിഷേധം തുടരുമെന്നും ഉദ്‌ഘാടനവേളയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷം ഒരു അടിസ്ഥാവുമില്ലാത്ത ആരോപണങ്ങളാണ് തൊഴിലുറപ്പ് പദ്ധതിക്കെതിരെ സമരം ചെയ്യുവാൻ ആരോപിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. അനാവശ്യ സമരങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നതിൽ തൊഴാളികൾക്കിടയിൽ തന്നെ എതിർപ്പ് നിലനിൽക്കുന്നു. ഇതിൽ ക്ഷുഭിതരായ നേതാക്കളുടെ നിർദേശപ്രകാരമാണ് തൊഴിൽ നിഷേധിച്ചത് എന്ന് തൊഴിലാളികൾ ആരോപിക്കുന്നു. പണപ്പിരിവു നൽകാത്തതിനും ഭീഷണിപ്പെടുത്തിയിരുന്നു എന്നും തൊഴിലാളികൾ ആരോപിച്ചു. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലികളിൽ നിന്നും തുടരെ തുടരേയുള്ള പാർട്ടി പണപ്പിരിവുകൾ താങ്ങുവാനാകുന്നില്ല എന്നും തൊഴിലാളികൾ ആരോപിക്കുന്നു.
മണ്ഡലം സെക്രട്ടറി ഉദയസിംഹൻ, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിശാഖ് പഴയനട, നെടുങ്ങണ്ട ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുനിലാൽ, ഹരിദാസ് റ്റി, മഹിളാ മോർച്ച അംഗംങ്ങളായ രാഗിണി ആർ, മിനി സുനിലാൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

