മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിലെത്തി.
ഒർജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി.
77 എണ്ണം മാത്രം നിർമിക്കുന്ന പ്രത്യേക പതിപ്പിന്റെ വില 5.5 ലക്ഷം രൂപയാണ്. ബൈക്കിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. ജനുവരി ആദ്യം ബൈക്ക് ഉപഭോക്താക്കൾക്കു ലഭിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
എയർസ്ട്രൈക്, ഷാഡോ, ലേസർ തുടങ്ങിയ നിറങ്ങളിലാണ് വാഹനം ലഭിക്കുക. ലേസർ എൽഇഡി ലാംപ്, ക്ലിപ് ഓൺ ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ബൈക്കിനുണ്ട്. ഒർജിനലിൽ 7.1 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്.
ഒറ്റ ചാർജിൽ 207 കിലോമീറ്ററാണ് റേഞ്ച്. 27 കിലോ വാട്ട് കരുത്തും 85 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ് ഇതിൽ. ഉയർന്ന മോഡലായ റെക്കോണിൽ 39 ബിഎച്ച്പി കരുത്തും 95 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ്.
10.3 kWh ആണ് ബാറ്ററി. ഒറ്റ ചാർജിൽ 307 കിലോമീറ്ററാണ് റേഞ്ച്. ഒർജിനൽ പതിപ്പിന്റെ ബാറ്ററി പാക്കിന് 3 വർഷവും 30000 കിലോമീറ്ററും വാറന്റി ലഭിക്കുമ്പോൾ റെക്കോണിന്റെ ബാറ്ററി പാക്കിന് 5 വർഷവും 50000 കിലോമീറ്ററും വാറന്റിയുണ്ട്. ലിമിറ്റഡ് എഡിഷൻ മോഡലിന്റെ വാറന്റി 8 വർഷവും ഒരു ലക്ഷം കിലോമീറ്ററുമാണ്.



