സംസ്ഥാനത്ത് മാലിന്യ ശേഖരണവും സംസ്കരണവും കാര്യക്ഷമമായി നടപ്പാക്കാനും നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും തദ്ദേശ വകുപ്പ് ഒരുങ്ങുന്നു.
മാലിന്യ സംസ്കരണത്തിനായി സമഗ്ര നിയമ നിര്‍മാണവും ചട്ട ഭേദഗതികളും കൊണ്ടുവരുന്നതിന് മുന്നോടിയായാണ് നിലവിലുള്ള നിയമ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
മാലിന്യ സംസ്കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ അധികാരങ്ങളും ചുമതലകളുമുള്ളതെങ്കിലും ഇവ കാര്യമായി നടപ്പാക്കാന്‍ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് മാലിന്യമുക്ത സംസ്ഥാനത്തിനായി നിര്‍ണായക ചുവടുവെപ്പുകളുമായി തദ്ദേശവകുപ്പ് മുന്നോട്ട് വരുന്നത്. പൊതുസ്ഥലം, തെരുവ്, ജലസ്രോതസ്സ്, റോഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന നടപടിയെടുക്കും. എല്ലാ ജില്ലകളിലും പ്രത്യേക പരാതി പരിഹാര സെല്ലുകള്‍ രൂപവത്കരിക്കും. ജില്ലാ ശുചിത്വമിഷന് ഓഫീസര്‍ നോഡല്‍ ഓഫീസറായാണ് പരാതി പരിഹാര സെല്ലുകള്‍ രൂപവത്കരിക്കുക.
മാലിന്യ പ്രശ്നങ്ങളെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ ആര്‍ക്കും പരാതി നല്‍കാം. ഉടനടി പരിശോധന നടത്തി ബന്ധപ്പെട്ട പരാതിക്കാരന് രണ്ടാഴ്ചക്കകം മുറുപടി നല്‍കാനാണ് സംവിധാനമൊരുക്കുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നേരത്തേ നിര്‍ദേശിക്കപ്പെട്ട പ്രത്യേക ജില്ലാതല എന്‍ഫോഴ്സ്മെന്‍്റ് സ്ക്വാഡ് പരാതി പരിഹാരത്തിനായി രംഗത്തിറങ്ങും.
രണ്ട് മാസത്തിനകം ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. തദ്ദേശസ്ഥാപനം, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന് എന്നിവയുടെ ഓരോ പ്രതിനിധികളുള്ള 23 എന്‍ഫോഴ്സ്മെന്‍്റ് ടീമുകളാണ് എല്ലാ ജില്ലകളിലും രൂപവത്കരിക്കുന്നത്. ഇതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നെങ്കിലും ഇവര്‍ക്കുള്ള വാഹനം, അലവന്‍സ് എന്നിവ നല്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് സ്ക്വാഡുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് തടസ്സമായി നിന്നത്. ഇതെല്ലാം ഉടന്‍ പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ സ്പോട്ട് ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എന്‍ഫോഴ്സ്മെന്‍്റ് സ്ക്വാഡുകള്‍ സ്വീകരിക്കും.
മാലിന്യം പൊതുനിരത്തിലോ ജലസ്രോതസ്സുകളിലോ നിക്ഷേപിക്കുന്നവര്‍ക്കെതിരെയും ശുചിമുറി മാലിന്യം, മാലിന്യം ഒഴുക്കുന്ന പൈപ്പുകള്‍ തുടങ്ങിയവ ജലസ്രോതസ്സുകളിലേക്ക് തുറന്നുവെച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അജൈവ മാലിന്യം സ്വന്തം പുരയിടത്തിലായാലും കുഴിച്ചിടാനോ കത്തിക്കാനോ പാടില്ല. ശാസ്ത്രീയമായി സംസ്കരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ പരാതിയുണ്ടായാലും നടപടിയെടുക്കും.

