ക്രിമിനല്‍ സ്വഭാവമുള്ള രഹസ്യവിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവാഹ രജിസ്ട്രേഷന് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് കെസിബിസി Kerala Catholic Bishops’ Council (KCBC) ജാഗ്രത കമ്മീഷന്‍ ആവിശ്യപ്പെട്ടു.
സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷന്‍റെ കാര്യത്തില്‍ ഒരു മാസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ടോ എന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് കെസിബിസി ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. പഠന കാലയളവിലും ചെറിയ പ്രായത്തിലും 18 വയസ് പൂര്‍ത്തിയായി എന്ന ഒരേയൊരു ആനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ മാതാപിതാക്കള്‍ അറിയാതെ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും കെസിബിസി ആവശ്യപ്പെടുന്നു.
▪️കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍റെ കുറിപ്പിന്റെ പൂർണ്ണരൂപം.
സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച്‌നിര്‍ണ്ണായകമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി. വിദേശ ജോലിയുടെ ഇടവേളയില്‍ നാട്ടിലെത്തി വിവാഹിതരാകുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു മാസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ടോ എന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്. കോടതിയുടെ നിരീക്ഷണം യുക്തവുമാണ്.
1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് വിഭാവനം ചെയ്തിരിക്കുന്നത് മതാചാരങ്ങള്‍ക്ക് അതീതമായി വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മതാന്തര വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ്. ഏതെങ്കിലും മതങ്ങളുടെ ആചാരങ്ങള്‍ പ്രകാരം വിവാഹിതരാകുന്നവര്‍ക്കുവേണ്ടി ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യന്‍ വിവാഹ നിയമങ്ങള്‍ നിലവിലുണ്ട്. മത സംവിധാനങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധരല്ലാത്ത അപൂര്‍വ്വം ചിലരും, മറ്റുമതങ്ങളില്‍ പെട്ടവരെ വിവാഹം കഴിക്കുന്നവരുമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവര്‍. അതില്‍ രണ്ടാമത്തെ വിഭാഗമാണ് ബഹുഭൂരിപക്ഷവും.
2008 മുതല്‍ മതാചാരങ്ങള്‍ പ്രകാരം വിവാഹം ചെയ്യുന്ന എല്ലാ മതസ്തരും വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. 2008 ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടം പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റുകയും വേണം. സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴിലുള്ള രജിസ്ട്രാര്‍/ സബ്‌രജിസ്ട്രാര്‍ ഓഫീസുകളിലാണ്. പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകള്‍ക്ക് വിവാഹശേഷം ഇതില്‍ ഏതെങ്കിലും ഒരു വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമുണ്ട്. അത്തരത്തില്‍ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍കൂടി ഉള്ള യുവതീയുവാക്കളുടെ കാര്യത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ അല്‍പ്പംകൂടി ലഘൂകരിക്കപ്പെടേണ്ടതുണ്ട് എന്ന ബഹു. ഹൈക്കോടതിയുടെ നിരീക്ഷണം വളരെ ശരിയാണ്. എന്നാല്‍, ഇത്തരം സാഹചര്യങ്ങളെ പ്രതി നിയമങ്ങളില്‍ ഭേദഗതി വരുത്തുംമുമ്ബ് ചില വസ്തുതകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്ന അപൂര്‍വ്വ പ്രതിഭാസങ്ങളില്‍ ഒന്നാണ് രഹസ്യ വിവാഹങ്ങള്‍. പതിനെട്ട് വയസ് പൂര്‍ത്തിയായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പോലും വിദ്യാര്‍ത്ഥിനികളെ ചതിയില്‍പ്പെടുത്തി വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി മാതാപിതാക്കളും ബന്ധുക്കളും അറിയാതെ നടക്കുന്ന വിവാഹങ്ങള്‍, രഹസ്യമായ മതംമാറ്റങ്ങള്‍, വിവാഹശേഷമുള്ള ആത്മഹത്യകള്‍ എന്നിവ ഇവിടെ പെരുകിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള പ്രണയവിവാഹങ്ങള്‍ക്ക് ശേഷം ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതും, പങ്കാളികളാകുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. വിവാഹത്തിന്‍റെ നോട്ടീസ് കാലയളവ് കുറയ്ക്കുന്നത് സാങ്കേതികമായി ഗുണകരമാകുമെങ്കിലും മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിച്ച് താഴെ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാരും നീതിപീഠവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്:
1) ക്രിമിനല്‍ സ്വഭാവമുള്ള രഹസ്യവിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവാഹ രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധിതമാക്കണം. മയക്കുമരുന്ന് മാഫിയകളിലേയ്ക്ക് പുതുതായി വിവാഹിതരായ പെണ്‍കുട്ടികള്‍ എത്തിപ്പെടുന്നത്, നിലവില്‍ വിവാഹിതരായിരിക്കുന്ന സാഹചര്യം മറച്ചുവച്ച് പെണ്‍കുട്ടികളെ ചതിച്ച് വിവാഹം കഴിക്കുന്നത്, വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കി വിദൂര ദേശങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്, ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുടെ ചതിയില്‍ പെണ്‍കുട്ടികള്‍ അകപ്പെടുന്നത് എന്നിങ്ങനെ ഇത്തരം വിവാഹ രജിസ്ട്രേഷനുകളില്‍ ഒട്ടേറെ തിരിമറികള്‍ നടന്നുവരുന്നത് അത്തരത്തില്‍ തടയാന്‍ കഴിയും.
2) വിവാഹാര്‍ത്ഥികളുടെ സ്ഥിര താമസ സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ വിവാഹ പരസ്യം പതിക്കണം. 2020 ല്‍ നിര്‍ത്തലാക്കിയ ഓണ്‍ലൈന്‍ വിവാഹ അറിയിപ്പ് സംവിധാനം പുനഃസ്ഥാപിക്കണം.
3) പഠന കാലയളവിലും ചെറിയ പ്രായത്തിലും 18 വയസ് പൂര്‍ത്തിയായി എന്ന ഒരേയൊരു ആനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ മാതാപിതാക്കള്‍ അറിയാതെ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. മാതാപിതാക്കളുടെ അനുമതി എന്നതല്ല, 18 വയസ് വരെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ അറിവില്ലാതെ മക്കള്‍ പുറപ്പെട്ടുപോകുന്ന അവസ്ഥ ഒഴിവാക്കപ്പെടണം. ഇപ്പോഴത്തെ അവസ്ഥയില്‍ മാസങ്ങള്‍ കഴിഞ്ഞുമാത്രമാണ് ചില വിവാഹങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് പലപ്പോഴും അറിവ് ലഭിക്കുന്നത് പോലും.
4) വിവാഹാര്‍ത്ഥിനി വിദ്യാര്‍ത്ഥിനി/ 21 വയസില്‍ താഴെ ആയിരിക്കുന്ന പക്ഷം വേണ്ടവിധം യോഗ്യതയും പരിചയവുമുള്ള ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലറുടെ കീഴില്‍ കൗണ്‍സിലിംഗിന് വിധേയയാക്കണം. വിവിധ തരം ചൂഷണങ്ങള്‍, കബളിപ്പിക്കലുകള്‍, വൈകാരിക അടിമത്തം തുടങ്ങിയവ വഴിയായി വിവാഹത്തിന് വഴങ്ങുന്ന സംഭവങ്ങള്‍ പലതുണ്ട്. ഇനിയും ഈ നാട്ടില്‍ പ്രണയം നടിച്ചുള്ള ചതികള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്നും
കെസിബിസി ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

