Saturday, August 31, 2024
HomeKERALAമത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ കടലില്‍ കൃത്രിമ ആവാസവ്യവസ്ഥയൊരുക്കി "റീഫ് " സാങ്കേതികവിദ്യ.

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ കടലില്‍ കൃത്രിമ ആവാസവ്യവസ്ഥയൊരുക്കി “റീഫ് ” സാങ്കേതികവിദ്യ.

കടലില്‍ മത്സ്യോല്‍പാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയൊരുക്കി ” റീഫ് “കൃത്രിമ ആവാസവ്യവസ്ഥ

കടലിനടിയില്‍ സ്ഥാപിക്കാവുന്ന കൃത്രിമ മത്സ്യആവാസവ്യവസ്ഥ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) മത്സ്യമേഖലയില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. പ്രത്യേക ശാസ്ത്രീയ മാതൃകയില്‍ നിര്‍മിച്ച ഇവ കടലിനടിയില്‍ സ്ഥാപിക്കുന്നതിലൂടെ സസ്യ-ജന്തുജാലങ്ങള്‍ തഴച്ച്‌ വളരുകയും മീന്‍ കൂടുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിലാണ് കൃത്രിമ മത്സ്യആവാസവ്യവസ്ഥയുടെ സാധ്യതകള്‍ ചര്‍ച്ചയായത്. ഇന്ത്യന്‍ തീരങ്ങളില്‍ ഇവയുടെ സാധ്യതകളും നിലവിലെ അവസ്ഥയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) അവതരിപ്പിച്ചു.

കേരളത്തില്‍ 28 ഇടങ്ങളിലുള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ 280 സ്ഥലങ്ങളില്‍ നിലവില്‍ ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്രിമ ആവാസവ്യവസ്ഥകള്‍ ചൂണ്ട ഉപയോഗിച്ച്‌ മീന്‍പിടിക്കുന്നവര്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കൂടുതല്‍ മീന്‍ ലഭിക്കാന്‍ വഴിയൊരുക്കും. റീഫുകള്‍ സ്ഥാപിക്കുന്നിടങ്ങളില്‍ സ്‌കൂബാ ഡൈവിംഗിന് അവസരമൊരുങ്ങുന്നതിനാല്‍ ടൂറിസം സാധ്യതയും അതിലൂടെ മറ്റ് ഉപജീവനമാര്‍ഗങ്ങളുമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ, മത്സ്യബന്ധനത്തിന് ചിലവിടുന്ന ഇന്ധന ചിലവില്‍ കുറവ് വരുമെന്നും സിഎംഎഫ്‌ആര്‍ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാത്രമല്ല, കടല്‍ ജൈവവൈവിധ്യങ്ങളുടെ വര്‍ധനവ്, മത്സ്യബന്ധനമേഖലയില്‍ കാര്‍ബണ്‍ വാതകങ്ങള്‍ പുറത്തുവിടുന്നത് കുറയക്കല്‍, തീരശോഷണം കുറയ്ക്കല്‍ തുടങ്ങി നിരവധി പാരിസ്ഥിതിക ഗുണങ്ങളും കൃത്രിമ റീഫുകള്‍ പ്രോത്സാഹിപ്പിക്കുന്നത് വഴി നേടാനാകുമെന്നും സിഎംഎഫ്‌ആര്‍ഐ പറയുന്നു.

ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ വിവിആര്‍ സുരേഷ്, ഡോ ജോ കെ കിഴക്കൂടന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നന്നായി ഇണങ്ങിച്ചേര്‍ന്ന കൃത്രിമ ആവാസവ്യവസ്ഥയില്‍ മുന്നൂറിലധികം മത്സ്യവര്‍ഗങ്ങള്‍ വന്നുചേരുമെന്ന് 15 വര്‍ഷത്തോളമായി ഈ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഠനം നടത്തിവരുന്ന ഡോ ജോ കെ കിഴക്കൂടന്‍ പറഞ്ഞു.

വാണിജ്യപ്രാധാന്യമുള്ള മീനുകളായ ചെമ്പല്ലി, കലവ, മോദ, കാളാഞ്ചി, നെയ്മീന്‍, അയല, വറ്റ, ശീലാവ് തുടങ്ങിയ മീനുകളും അലങ്കാര മത്സ്യങ്ങളും ഇവയില്‍ പെടും. വംശനാശം നേരിടുന്ന കടല്‍ജീവികളുടെ സംരക്ഷണത്തിനും ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. റീഫുകള്‍ സ്ഥാിപിക്കുന്നതിനുള്ള സ്ഥലനിര്‍ണയം, ഇവയുടെ മാതൃക, നിര്‍മാണം, സ്ഥാപിക്കല്‍, ആഘാതപഠനം എന്നിവയ്‌ക്കുള്ള പ്രോട്ടോകോള്‍ സിഎംഎഫ്‌ആര്‍ഐ വികസിപ്പിച്ചിട്ടുണ്ട്. തുടര്‍ഘട്ടങ്ങളില്‍ ഈ രംഗത്ത് ഇനിയും പഠനം ആവശ്യമാണെന്നും സിഎംഎഫ്‌ആര്‍ഐ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES