മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. ഇത്തവണത്തെ മഹാശിവരാത്രി 2023 ഫെബ്രുവരി 18 (1198 കുംഭം 6), ശനിയാഴ്ചയാണ് വരുന്നത്. ശനിപ്രദോഷ ശിവരാത്രി അത്യപൂര്‍വ്വമായിട്ടാണ് സംഭവിക്കുന്നത്.
സവിശേഷകരമായ ഒരു മുഹൂര്‍ത്ത ദിനമായതിനാല്‍ ഇത്തവണത്തെ മഹാശിവരാത്രി വ്രതമെടുത്ത് അനുഷ്ഠിച്ചാല്‍ ശനിദോഷങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രശ്‌നങ്ങളും ദുരിതങ്ങളും മാറി അഷ്ട ഐശ്വര്യങ്ങള്‍ പ്രദാനമാകും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗത്തെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് ആരാധിക്കുന്നതും ഉത്തമമാണ് .ശിവരാത്രി വ്രതം അനുഷ്ഠിക്കുവാന്‍ ആഗ്രഹിക്കുന്ന ആള്‍ ചെയ്യേണ്ടത് ഉപവാസവും ജാഗരണവുമാണ് .ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുകയും രാത്രി ഉറക്കം ഒഴിവാക്കുകയും വേണം .
ഇത് മാത്രം പോരാ; ശിവസ്മരണയോടു കൂടി തന്നെ ഈ ദിനം ഉപയോഗപ്പെടുത്തണം ശിവക്ഷേത്രദര്‍ശനം, ശിവനാമജപം, ശിവസ്തുതികളുടെ ആലാപനം, പഞ്ചാക്ഷരം (നമശ്ശിവായ), ഷഢാക്ഷരം(ഓം നമശ്ശിവായ) എന്നിവയുടെ ജപം , ശിവസഹസ്രനാമജപം, ശിവപുരാണപാരായണം എന്നിവ ഈ ദിവസം ചെയ്യണം. നന്ദികേശനും പാര്‍വ്വതിദേവിയും സുബ്രമണ്യനും ഗണപതിയും പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദര്‍ശനങ്ങള്‍ വളരെ ശ്രേഷ്ഠമായിരിക്കും. ശിവപാര്‍വ്വതി സങ്കല്‍പ്പത്തില്‍ പ്രാര്‍ത്ഥിക്കുന്നതാണ് എപ്പോഴും നല്ലത്. ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഒരാള്‍ക്ക് ശിവസ്മരണയിലൂടെ നല്ല ചിന്തയോടു കൂടി ഈ സുദിനത്തില്‍ കര്‍മ്മനിരതനാകാം.
ഏതെങ്കിലും വിധത്തില്‍ ശിവസ്മരണ ഉണ്ടായിരിക്കണമെന്നു മാത്രം. അതിന് മനഃശുദ്ധിയും ശരീരശുദ്ധിയും മാത്രം മതി. ഉപവാസം അനുഷ്ഠിക്കാന്‍ പറ്റാത്ത ഒരാള്‍ ഈ ദിനത്തില്‍ പ്രധാനപ്പെട്ട ആഹാരമായ അരിഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്.മറ്റു ധാന്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. മത്സ്യമാംസാദികള്‍, ഉള്ളി, എന്നിവ വര്‍ജ്ജിക്കണം. പഴകിയ ഭക്ഷണങ്ങങ്ങള്‍ ഉപയോഗിക്കരുത് . സാത്വിക ഭക്ഷണമാണ് കഴിക്കേണ്ടത്. ഉപവാസം പറ്റാത്തത് കൊണ്ട് പതിവായി കഴിക്കുന്ന പ്രധാനആഹാരം ഒഴിവാക്കുന്നു എന്നുള്ളതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ ക്ഷമിക്കണമെന്നപേക്ഷിച്ചു കൊണ്ട് വ്രതം അവസാനിപ്പിക്കുകയും ചെയ്യാം.

