15 ദിവസത്തിലേറെയായ് കുടിവെള്ളമില്ലാത്തതിനെ തുടർന്ന് അഞ്ചുതെങ്ങിലെ തീരദേശവാസികൾ നെട്ടോട്ടത്തിൽ.
കുടിവെള്ള ക്ഷാമം അതിരൂക്ഷ സാഹചര്യത്തിലെത്തിയിട്ടുംജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മൗനം തുടരുകയാണ്.
പൊതുജനങ്ങളുടെ പ്രതിഷേധം പേടിച്ച് പഞ്ചായത്ത് മെമ്പർമാർ പുറത്തിറങ്ങാൻ പോലും മടിക്കുന്നതായാണ് സൂചന.
അഞ്ചുതെങ്ങിലെ പ്രദേശത്തെ വീടുകൾക്ക് മുന്നിലും പൊതു പൈപ്പുകൾക്ക് മുന്നിലും ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കടലിന്റെയും കായലിന്റെയും നടുവിൽ സ്ഥിതിചെയുന്ന ഗ്രാമ മായതിനാൽ തന്നെ കിണറുവെള്ളവും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. പതിനഞ്ചോളം ദിവസമായി പ്രദേശത്ത് പൂർണ്ണമായും കുടിവെള്ളം നിലച്ച മട്ടാണ്. കയർ മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്ന ഇവിടുത്തുകാർ ഇപ്പോൾ കുടിവെള്ളത്തിനായ് രാപകലില്ലാതെ നെട്ടോട്ടത്തിലാണ്.
അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഓരോ ഇലക്ഷന്കളിലും മുന്നണികൾ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകാര്യങ്ങൾ പരിഹരിക്കുമെന്ന ഉറപ്പു നൽകി വോട്ട് നേടുമെങ്കിലും ജയിച്ചാൽ ഈ പ്രശ്നങ്ങൾക്കെതിരെ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇവിടുത്തുകാർ പറയുന്നു.
കുടിവെള്ള ക്ഷാമം അതി രൂക്ഷമായ സാഹചര്യത്തിൽ പോലും അഞ്ചുതെങ്ങിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാർ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിൽ മുഴുകി നടക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.

