സംസ്ഥാനത്ത് വിവിധ കേസുകളിലായി പൊലീസ് സ്റ്റേഷനുകളിലും പരിസരത്തുമായി സൂക്ഷിച്ചിരിക്കുന്നത് 26,708 വാഹനങ്ങള്‍
ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരമാണിത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത്. വിവിധ കേസുകളിലായി 4157 വാഹനങ്ങളാണുള്ളത്. ഇതില്‍ തൃശൂര്‍ സിറ്റി പരിധിയില്‍ 2401ഉം റൂറല്‍ പരിധിയില്‍ 1756 വാഹനങ്ങളുമുണ്ട്.
മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 3183 വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ കിടക്കുന്നുണ്ട്. 2840 വാഹനങ്ങളുള്ള തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരം റൂറലില്‍ 1779ഉം സിറ്റിയില്‍ 1061ഉം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. കൊല്ലമാണ് നാലാമത്.കൊല്ലത്ത് സിറ്റിയില്‍ 1533ഉം റൂറലില്‍ 1003 അടക്കം 2536 വാഹനങ്ങളുണ്ട്.
കൂടാതെ, റെയില്‍വേ പൊലീസ് പരിധിയില്‍ ഒമ്പത് വാഹനങ്ങളുമുണ്ട്. നിലവില്‍ അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ കസ്റ്റഡി ആവശ്യമില്ലാതെവരുകയാണെങ്കില് സ്വീഷര്‍ മഹസര്‍ തയാറാക്കി വാഹനങ്ങള്‍ രസീത് വാങ്ങി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.ഇതില്‍ തുടര്‍നടപടി ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കും. ഈ വാഹനങ്ങളില്‍ ഉടമകള്‍ക്ക് 451 സി.ആര്.പി.സി പ്രകാരം കോടതി വഴി വാഹനം വിട്ടുകൊടുക്കും.
അബ്കാരി ആക്ട് പ്രകാരം പിടിക്കുന്ന വാഹനങ്ങളില്‍ സെക്ഷന്‍ 67(ബി) പ്രകാരം ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്ക് കണ്ടുകെട്ടലിന് കൈമാറുകയാണ് പതിവ്. കൂടാതെ, മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്പറേഷന് (എം.എസ്.ടി.സി) ലിമിറ്റഡ് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനിലുടെയും ലേലം ചെയ്യുന്നുണ്ട്. വാഹനങ്ങളുടെ ലേലനടപടികള്‍ വേഗത്തിലാക്കാനായി 2022 നവംബര്‍ 14ന് മെക്കാനിക്കല്‍ ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കും ചീഫ് എന്‍ജിനീയര്‍ക്കും സര്‍ക്കാര്‍ ചുമതല നല്‍കിയിട്ടുണ്ട്.
എന്നാല്‍, അവകാശികളില്ലാത്ത ജംഗമവസ്തുവകകള് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാങ്ങേണ്ടിവരുന്നവക്ക് പകരമായി 2011 കേരള പൊലീസ് ആക്ട് വകുപ്പ് 56(7) പ്രകാരം പൊലീസ് വകുപ്പിന് ഉപയോഗിക്കുകയോ ലേലത്തില്‍ വില്പനക്ക് വെക്കുകയോയാണ് ചെയ്യുന്നത്.
▪️വിവിധ ജില്ലകളിലെ വാഹനങ്ങളുടെ പട്ടിക.
തൃശൂര്‍ 4157
മലപ്പുറം 3183
തിരുവനന്തപുരം 2840
കൊല്ലം 2536
കോഴിക്കോട് 2127
പാലക്കാട് 2067
എറണാകുളം 1758
കണ്ണൂര്‍ 1678
കാസര്‍കോട് 1626
ആലപ്പുഴ 1494
കോട്ടയം 1240
പത്തനംതിട്ട 1048
ഇടുക്കി 520
വയനാട് 425

