ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം.
ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ ആളുകൾ മടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ കടുത്ത തീരുമാനം.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യം ശേഖരിക്കേണ്ടത് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ്. അതാത് തദ്ദേശ സ്ഥാപനങ്ങൾ ഇവര്‍ക്കുള്ള യൂസര്‍ ഫീ നിശ്ചയിച്ച് നൽകണം. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ച് 50 മുതൽ 100 രൂപവരെയാണ് പ്രതിമാസ യൂസര്‍ ഫീ. നിശ്ചിത ഫീസ് നൽകാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും മാലിന്യമെടുക്കാൻ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ ഫലപ്രദമായി എത്തുന്നില്ലെന്നും പരാതികൾ പലമേഖകളിൽ നിന്നും ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് അനുസരിച്ച് യൂസര്‍ ഫീ നൽകാതെ കുടിശിക വന്നാൽ അത് വസ്കു നികുതിക്കൊപ്പം ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നു.
എപിഎൽ-ബിപിഎൽ വ്യത്യാസമടക്കം ഒന്നും പരിഗണിക്കാതെ എല്ലാവര്ക്കും ബാധകമാകുന്ന വിധത്തിലാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടതും അതാത് തദ്ദേശ സ്ഥാപനങ്ങളാണ്. യൂസര്‍ ഫീ നൽകാത്തവര്‍ക്ക് ഹരിതകര്‍മ്മ സേനയുടെ സേവനം നിഷേധിക്കാനും അധികാരമുണ്ടായിരിക്കും. സ്വന്തമായി പുരയിടമുള്ളവര്‍ക്ക് പോലും അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവിൽ വ്യവസ്ഥയില്ല.
കൂടാതെ, അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ അടക്കമുള്ള തീരുമാനങ്ങളും ഉടനുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് വിശദീകരിച്ചു.

