മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽ പെട്ട് മത്സ്യബന്ധന വള്ളം തലകീഴായി മറഞ്ഞു. മത്സ്യത്തൊഴിലാളികൾ നീന്തി കടലിലേക്ക് പോയതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് കടലിൽ ഈ സമയം ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ എത്തി ഇവരെ രക്ഷപ്പെടുത്തി.
ഇന്ന് വൈകിട്ട് 4 : 15 ഓടെയാണ് സംഭവം. മുതലപ്പൊഴി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന വഴി അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. സജിയെ കൂടാതെ, സുനിൽ, പ്രവിൻദാസ്, സുനിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
കടലിലേക്ക് നീത്തിയ ഇവരെ കടലിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി, കടൽ പ്രക്ഷുപ്തമായതിനാൽ മുതലപ്പൊഴിയിൽ പ്രവേശിക്കാൻ ആകാത്ത സാഹചര്യത്തിൽ രക്ഷപ്പെട്ടവരെ പുതുക്കുറിച്ചി . കടൽത്തീരത്ത് എത്തിച്ചു. മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ ഇതിനെ അവഗണിക്കുന്നതാണ് അപകടങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നത്.
മൺസൂൺ ആരംഭിച്ചതിന് പിന്നാലെ മുതലപ്പൊഴി അഴിമുഖത്ത് ഉണ്ടാകുന്ന ഒമ്പതാമത്തെ അപകടമാണ് ഇന്ന് നടന്നത്.

