മനുഷ്യനെ ആഴക്കടലിലേക്ക് അയക്കുന്ന ആദ്യ പ്രവർത്തനത്തിനൊരുങ്ങി ഇന്ത്യ. സമുദ്ര പര്യവേഷണം, സമുദ്ര വിഭവങ്ങളെ കുറിച്ചുള്ള പഠനം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് രാജ്യം പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ‘സമുദ്രയാൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2026-ഓടെ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യാഴാച രാജ്യസഭയെ അറിയിച്ചു. മത്സ്യ6000 എന്ന പേടകത്തിൽ 6000 മീറ്റർ താഴ്ചയിൽ മനുഷ്യനെ സമുദ്രത്തിനടിയിലേക്ക് എത്തിക്കുക എന്നതാണ് സമുദ്രയാനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിധ്യങ്ങളെക്കുറിച്ചും പഠിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്താത്ത രീതിയിലാകും പ്രവർത്തനം നടക്കുക.
മനുഷ്യനെ ഗവേഷണത്തിനായി അടിത്തട്ടിൽ എത്തിക്കുന്ന രാജ്യത്തിൻറെ ആദ്യ പദ്ധതിയാണ് സമുദ്രയാൻ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി സമുദ്രവിഭവങ്ങളെ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തുക, തൊഴിൽ, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ആവിഷ്കരിച്ച ബ്ലൂ ഏകോമി നയത്തിന്റെ ഭാഗമായുള്ള ഡീപ്പ് ഒഷ്യൻ മിഷന്റെ ഭാഗമാണ് സമുദ്രയാൻ പദ്ധതി. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ ചുമതല വഹിക്കുന്നത്.
മത്സ്യ6000 എന്ന പദ്ധതിക്കായി ഒരുക്കിയിരിക്കുന്ന സമുദ്ര പേടകത്തിന് നൽകിയ പേര്. സാധാരണ ജോലികൾക്കായി 12 മണിക്കൂർ വരെ സമുദ്രത്തിൽ കഴിയുന്നതും അടിയന്തിര ഘട്ടങ്ങളിൽ 96 മണിക്കൂർ വരെ സമുദ്രത്തിനടിയിൽ കഴിയാൻ സാധിക്കുന്ന തരത്തിലുമാണ് മത്സ്യ6000 നിർമ്മിക്കുന്നത്. അഞ്ച് വർഷത്തേക്കായി 4077 കോടി രൂപ ഡീപ്പ് ഒഷ്യൻ മിഷന് വേണ്ടിയുള്ള ചിലവ്. നിലവിൽ യുഎസ്, റഷ്യ, ഫ്രാൻസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾക്ക് കീഴിൽ ഇത്തരത്തിലുള്ള പദ്ധതി നടന്നുവരുന്നുണ്ട്. സമുദ്രയാൻ വിജയിക്കുന്നതോടെ ഇന്ത്യയും ഈ ചരിത്രത്തിന്റെ ഭാഗമാകും.

