തീരദേശപ്രദേശമായ അഞ്ചുതെങ്ങിലെ തോണിക്കടവിൽ കോൺക്രീറ്റ് പാലം പണിയണമെന്ന ആവിശ്യം ശക്തമാകുന്നു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്കളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവിശ്യമാണ് ശക്തമായിരിക്കുന്നത്.
നിലവിൽ ഇവിടെ സ്ഥിതിചെയ്യുന്നത് 2011 ൽ നിർമ്മിച്ച ഒരു തൂക്കുപാലമാണ്. ഇതിനാകട്ടെ കഷ്ടിച്ച് രണ്ടാൾ പാകത്തിൽ നടന്നുപോകാൻ കഴിയുംവിധമുള്ള സൗകര്യം മാത്രമാണുള്ളത്.
2010 ൽ ചാലിയാർ പുഴയിലുണ്ടായ അപകടത്തെ തുടർന്ന് പല കടവുകളിലും കടത്തുവള്ളങ്ങൾ ഒഴിവാക്കി തൂക്കുപാലങ്ങൾ പണിയാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് അഞ്ചുതെങ്ങ് തോണിക്കടവിലും തൂക്ക് പണിയുവാൻ തീരുമാനമായത്.
പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഇരുമ്പാണ്, ഇതിനാൽ തന്നെ ഇത് പ്രദേശത്തെ കാലവസ്ഥയ്ക്ക് അനുയോജ്യമല്ല. ഇതിനോടകം ഈ പാലത്തിന്റെ നിർമ്മാണ ചിലവിന്റെ ഇരട്ടിയോളം തുക വിവിധ ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികൾക്കായ് മാത്രം ചിലവഴിച്ചുകഴിഞ്ഞിട്ടുണ്ട്.
തീരെദേശ പരിപാലന നിയമത്തിന്റെ ഭാഗമായും ജനസാന്ദ്രത കൂടിയതോടേയും ഇതിനോടകം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിന്നും തൊട്ടടുത്ത കടയ്ക്കാവൂർ മേഖലയിലെ അഞ്ചുതെങ്ങ് കായൽ അതിർത്തിപ്രദേശങ്ങളായ ചമ്പാവ്, തെക്കുംഭാഗം, തുടങ്ങിയ മേഖലകളിലേക്ക് വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെട്ട് അടുത്തകാലത്ത് താമസം മാറിയത് നിരവധികുടുംബങ്ങളാണ്.
ഇവരുടെ ഉപജീവനം മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമായതിനാൽ തന്നെ ഇവർ ദിനംപ്രതി അഞ്ചുതെങ്ങിൽ എത്തിച്ചേരേണ്ടതായിട്ടുണ്ട്. ഇതിനായി നിലവിൽ മീരാൻ കടവ്, മുഞ്ഞമൂട് പാലങ്ങൾ വഴി മൂന്ന് മുതൽ നാല് കിലോമീറ്ററോളം ചുറ്റി കറങ്ങിയാണ് അഞ്ചുതെങ്ങിൽ എത്തിച്ചേരേണ്ടി വരുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് ഇവിടെ കോൺക്രീറ്റ് പാലം പണിയാൻ തത്വത്തിൽ അനുമതി ലഭിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഈ തീരുമാനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ദിനം പ്രതി നൂറു കണക്കിന് രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി കാൽ നട യാത്രക്കാർ യാത്ര ചെയ്യുന്ന തോണിക്കടവ് തൂക്കുപാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ശോചനീയമാണ്.