ലഹരി മാഫിയകളെ പൂട്ടാന്‍ അതിശക്തമായ നടപടി വരുന്നു. ലഹരിക്കടത്ത് ആവര്‍ത്തിക്കുന്നവരെ രണ്ടുവര്‍ഷം വരെ കരുതല്‍ തടങ്കലിലാക്കുക, ലഹരിമരുന്ന് വ്യാപാരത്തിലൂടെ ആര്‍ജ്ജിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുക, ജയിലില്‍ നിന്നിറങ്ങി വീണ്ടും കടത്തുന്നവര്‍ക്ക് ഇരട്ടി ശിക്ഷ, പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ ബോണ്ട് തുടങ്ങിയ നിയമ നടപടികളാണ് വരുവാൻ പോകുന്നത്.
പ്രിവെന്‍ഷന്‍ ഒഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്‌ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ടുവര്‍ഷം വിചാരണയില്ലാതെ കരുതല്‍ തടങ്കലിലാക്കാം.
അറസ്റ്റ് തീയതിക്ക് ആറു വര്‍ഷം മുമ്പ്വരെ വാങ്ങിയ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പൊലീസിന് അധികാരമുണ്ട്. ജയില്‍ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി മയക്കുമരുന്നിടപാടുകള്‍ തുടരുന്നവരെ പിടികൂടി ഇരട്ടി ശിക്ഷ നല്‍കാനും പദ്ധതിയുണ്ട്.
പിടിച്ചെടുക്കുന്ന മയക്കു മരുന്നിന്റെ അളവ് അനുസരിച്ച് വധശിക്ഷവരെ കിട്ടാം, കഞ്ചാവ് ചെടി വളര്‍ത്തിയാല്‍ 10വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ചെറിയ അളവ് കഞ്ചാവ് പിടിച്ചാല്‍ ഒരുവര്‍ഷം കഠിനതടവും 10,000രൂപ പിഴയും. കൂടിയ അളവിന് 10വര്‍ഷം തടവ്. വന്‍തോതിലായാല്‍ 20വര്‍ഷം തടവും 2ലക്ഷം പിഴയും.

