പൊതുജനങ്ങളുടെ സഹകരണ ത്തോടെ കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്ര വിവരശേഖരണത്തിന് മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
പദ്ധതിയുടെ ഭാഗമായി marlin@cmfri എന്ന ആപ്പാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
പിടിക്കുന്ന മീനുകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഈ ആപ്പിൽ ചേർക്കാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റു ശാസ്ത്രീയ വിവരശേഖരണത്തിനും സിഎംഎഫ്ആർഐ – യെ സഹായിക്കും കടൽമത്സ്യ സമ്പത്തിൻ്റെ സചിത്ര ഡാറ്റാബേസ് തയ്യാറാക്കാനും സഹായകമാകും.
മൊബൈലിൽ മീനിന്റെ ചിത്രം അപ്ലോഡ് ചെയ്യുമ്പോൾതന്നെ എഐ സഹായത്തോടെ ഭാവിയിൽ അതിന്റെ സമ്പൂർണ്ണ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം വികസിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
ജിയോ ടാഗിങ് ഉള്ളതിനാൽ വിവരം കൈമാറുന്ന മത്സ്യയിനങ്ങളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്താനാകും. ഇത് മീൻ ലഭ്യതയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും സഹായമാകും. സിഎംഎഫ്ആർഐ – യുടെ ഫിഷറി റിസോഴ്‌സ് അസസ്മെൻ്റ, ഇക്കണോമിക്സ് ആൻഡ് എക്സ്റ്റുൻഷൻ വിഭാഗത്തിലെ ഡോക്ടർ എൽദോ വർഗീസിന്റെ നേതൃത്വത്തിലാണ് ആപ് വികസിപ്പിച്ചത്.