അഞ്ചുതെങ്ങ് മത്സ്യഭവനിൽ വൈദ്യുതി നിലച്ച് ആഴ്ചകൾ കഴിയുമ്പോഴും നടപടിയില്ല. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നായിരുന്നു മത്സ്യഭവനിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കിയിരുന്നത്. എന്നാൽ ഇത് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് അടുത്തിടെ തകരാറിലാവുകയായിരുന്നു. മത്സ്യ ഭവൻ കെട്ടിടത്തിന്റെ കാലപ്പഴക്കത്താൽ ഇലക്ട്രിക്കൽ ഉപകരണങ്ങളിലും വയറിങ്ങിലും സംഭവിച്ച കേടുപാടുകളാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായത്. ഇത്, തുടർന്ന് അറ്റകുറ്റപ്പണികൾ തീർത്ത് വൈദ്യുതി എത്തിക്കുവാൻ കഴിയാത്ത അവസ്ഥയിലാക്കി.
ഇതിനോടൊപ്പം നിലവിലെ പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയുന്നതിനായുള്ള മുന്നൊരുക്കങ്ങൾ കൂടി ആരംഭിച്ചതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനുള്ള നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറുകയും, പകരം വാടകക്കെട്ടിടത്തിലേക്ക് മറുവാനുള്ള തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
എന്നാൽ, വൈദ്യുതി നിലച്ച് ഒരു മാസത്തോളമാകുമ്പോഴും വാടകകെട്ടിടം കണ്ടെത്തി ഓഫീസ് പ്രവർത്തനം ആരംഭിക്കുവാൻ കഴിയാത്തത് ഇവിടെയെത്തുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയും ഇവിടുത്തെ ജീവനക്കാരെയും വലയ്ക്കുകയാണ്.