റഷ്യ- യുക്രൈൻ യുദ്ധഭൂമിയിലേക്ക് മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ ഇടനിലക്കാർക്കെതിരെ ശക്തമായ നടപടിയ്ക്കൊരുങ്ങി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
തിരുവനന്തപുരം തുമ്പയില്‍നിന്ന് റഷ്യയിലെത്തി അവിടുത്തെ പൗരനായി മാറിയ സന്തോഷ് അലക്സ് എന്നയാളാണ് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശക്തമായ നടപടിയ്ക്കൊരുങ്ങി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.
ഇയാളുടെ ബന്ധു പ്രിയൻ എന്ന് വിളിക്കുന്ന യേശുദാസ് എന്നയാളും തട്ടിപ്പിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്കൾ, പ്രിയൻ വഴിയാണ് പണമിടപാടുകള്‍ നടന്നതെന്ന് ഇരകളുടെ ബന്ധുക്കൾ അന്ന്വേഷണ ഏജൻസികളെ അറിയിച്ചിരുന്നു.
തട്ടിപ്പിനിരയായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായി 32 പേരാണ് റഷ്യയിലെത്തിയത്. ഇവരില്‍ 30 പേർ ഇതുവരെ തിരികെ എത്തിയിട്ടുണ്ട്. 32 പേരടങ്ങുന്ന സംഘം ഫെബ്രുവരി എട്ടിനാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ഷാർജ വഴി മോസ്കോയിലെത്തിയത്. തിരികെ എത്തിയതില്‍ 26 പേരും തുമ്പ സ്വദേശികളാണ്.
റഷ്യൻ പൗരനായ മലയാളി തുമ്പ സ്വദേശി ആയിരുന്നതിനാലാണ് കൂടുതല്‍ റിക്രൂട്ടുമെന്റുകള്‍ ഇവിടെനിന്ന് നടന്നത്. ഇയാളുടെ സഹായത്തോടെ റഷ്യയിലേക്ക് പോയ നാല് കൊല്ലം സ്വദേശികളും തിരികെ എത്തിയിട്ടുണ്ട്.
യുക്രൈനെതിരായ യുദ്ധമുഖത്തേക്കയയ്ക്കാനുള്ള കൂലിപ്പട്ടാളത്തിലേക്കാണ് വിദേശത്തുനിന്ന് റിക്രൂട്ട്മെന്റുകള്‍ നടന്നത്. ഇതിന്റെ സാധ്യതകള്‍ മനസിലാക്കിയാണ് മലയാളിയായ സന്തോഷ് അലക്സ് തട്ടിപ്പ് നടത്തിയത്. സെക്യൂരിറ്റി ജോലി, യുദ്ധത്തില്‍ തകർന്ന സ്ഥലങ്ങളില്‍ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായ ജോലി എന്നിങ്ങനെ വാഗ്ദാനം നല്‍കി എത്തിക്കുന്നവരെ കൂലിപ്പട്ടാളത്തിൻറ ഭാഗമാക്കി മാറ്റുകയാണ് ചെയ്യുന്നത്. റഷ്യയിലെത്തിയാല്‍ റഷ്യൻ ഭാഷയിലുള്ള കരാറിലാണ് ഒപ്പിടീക്കുന്നതെന്ന് രണ്ടാംസംഘത്തില്‍ റഷ്യയില്‍ പോയി മടങ്ങിയെത്തിയവർ പറയുന്നു.
കരാർ ഒപ്പിടാൻ ഭീഷണിയും നിർബന്ധവും ഒക്കെയുണ്ടാകും. ഭയന്നുപോകുന്നവർ നിവൃത്തിയില്ലാതെ കരാർ ഒപ്പിടും. റഷ്യൻ ഭാഷ വശമില്ലാത്തതിനാല്‍ കരാറില്‍ ഒപ്പിടുന്നവരെ നേരെ പട്ടാളക്യാമ്ബിലേക്കും പരിശീലനത്തിന് ശേഷം യുദ്ധമുഖത്തേക്കുമയക്കും. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ്, വിനീത്, ടിനു എന്നിവർ കരാർ മനസിലാകാതെ ഒപ്പിട്ട് കുടുങ്ങിയവരാണ്.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളെയാണ് മലയാളിയായ സന്തോഷ് അലക്സ് തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയവരെ എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. സന്തോഷ് അലക്സിനെ റഷ്യൻ ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം വിദേശകാര്യമന്ത്രാലയം നടത്തുന്നുണ്ട്.