ഹെല്‍മെറ്റ് ധരിച്ചില്ലായെന്നതിനാല് മാത്രം വാഹനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
തലയ്ക്കുമാത്രമല്ലാതെ, ഒന്നിലധികം അവയവങ്ങളിലെ ക്ഷതമാണ് മരണകാരണമെങ്കില്‍ മുഴുവൻ നഷ്ടപരിഹാരവും നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഏതാനും വർഷം മുമ്പ് ഈറോഡില്‍ ബൈക്ക് അപകടത്തില്‍ മരിച്ച എൻജിനിയറിങ് വിദ്യാർഥിയുടെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച കേസ് തീർപ്പാക്കുന്നതിനിടെ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെപേരില്‍ മാത്രമാണ് അപകടമരണമുണ്ടാകുന്നതെന്നു കണക്കാക്കാനാവില്ല. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ഉത്തരവ് പരിശോധിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലായെന്ന അശ്രദ്ധ പരാമർശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് മൊത്തം നഷ്ടപരിഹാരത്തില്‍നിന്ന് ഗണ്യമായ തുക വെട്ടിക്കുറച്ചു. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടുപ്രകാരം വിദ്യാർഥിയുടെ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
തലയ്ക്കേറ്റ പരിക്ക് മാത്രമല്ല മരണത്തിനു കാരണമെന്ന് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റില്‍നിന്നും ഡോക്ടറുടെ അന്തിമാഭിപ്രായത്തില്നിന്നും വ്യക്തമാണ്. അങ്ങനെ വരുമ്പോള്‍ മരിച്ചയാള്‍ക്കെതിരേ ഹെല്‍മെറ്റ് ധരിച്ചില്ലായെന്നും അശ്രദ്ധയാണെന്നുമൊക്കെ ആരോപിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മരിച്ചത് കോളേജ് വിദ്യാഥിയായതിനാല്‍ ട്രിബ്യൂണല്‍ അയാളുടെ സാങ്കല്പികവരുമാനം പ്രതിമാസം 12,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരുമാനം നിശ്ചയിക്കുമ്പോൾ ഭാവിപ്രതീക്ഷകള്കൂടി കണക്കാക്കേണ്ടതുണ്ട്. അതിനാല്‍ വരുമാനം പ്രതിമാസ വരുമാനം 16,800 രൂപയായി കണക്കാക്കണം. നഷ്ടപരിഹാരത്തുക ആറാഴ്ചയ്ക്കകം കുടുംബത്തിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.