പ്രത്യേക ലേഖനം : അഞ്ചുതെങ്ങ് സജൻ
2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഇന്നും പരിഹരിക്കപ്പെടാതെകിടക്കുന്ന പൊതുവിഷയങ്ങൾ നിരവധിയാണ്.
കേന്ദ്ര മന്ത്രിയും, എംപിയും എംഎൽഎ യും മാറ്റ് ഉരച്ചുകൊണ്ട് ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ പക്ഷേ, ചുട്ടുപൊള്ളുന്ന ഇലക്ഷൻ ചൂടിലും മേഖലയിലെ ജനകീയ വിഷയങ്ങൾ തണുത്തുറഞ്ഞ മട്ടിലാണ്. ഇവയൊന്നും തന്നെ മൂന്നു മുന്നണികളും പ്രധാന പ്രചാരണായുധമാക്കിമാറ്റുവാൻ താല്പര്യം കാട്ടിയിട്ടില്ല.
▪️മരണപ്പൊഴിയായ് തുടരുന്ന മുതലപ്പൊഴി.
മരണ മുനമ്പായി മാറിയ അഞ്ചുതെങ്ങ് മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ആശാസ്ത്രിയ നിർമ്മാണത്തെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുകയും, 65 ലേറെ മത്സ്യത്തൊഴിലാകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത മുതലപ്പൊഴി വിഷയത്തിലെ പരിഹാര നടപടികൾ ഇന്നും വാഗ്ധാനങ്ങൾ മാത്രമായ് അവശേഷിക്കുന്നു.
അഴിമുഖ ചാലിലെ മണൽ നീക്കം കൂടാതെ, അഴിമുഖ ചാലിൽ പൊഴിഞ്ഞുവീണ പുലിമുട്ട് പാറകൾ നീക്കം ചെയ്യുവാനുമുള്ള നടപടികൾ പോലും എങ്ങും എത്തിയില്ല.
24 മണിക്കൂറും മേഖല കേന്ദ്രീകരിച്ച് അത്യധുനിക സംവിധാനങ്ങളോട് കൂടിയ ആംബുലൻസ് സർവ്വീസ് ആരംഭിക്കുമെന്നമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. സ്ഥിരം രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നോളം ബോട്ട്കൾ, മുതലപൊഴിയിൽ ദുരന്തത്തിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ് അനുവദിയ്ക്കുക, വീടില്ലാത്തവർക്ക് വീട് നൽകുകയും, മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി, വായ്പ കുടിശിക എഴുതി തള്ളുക തുടങ്ങിയ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല.
▪️ആറ്റിങ്ങൽ കൊട്ടാര നവീകരണം.
ആറ്റിങ്ങൽ / അഞ്ചുതെങ്ങ് കലാപത്തിന് സാക്ഷ്യം വഹിച്ച ആറ്റിങ്ങൽ കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളും പൈതൃക സ്മാരകമാക്കി സംരക്ഷിച്ച് ടൂറിസ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതി ഇന്നും പൂർത്തീകരിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്.
കാലപ്പഴക്കത്താൽ ചിതൽ കയറി തകർന്നുവീഴാറായ കെട്ടിടം ബാലപ്പെടുത്താതെ പുറമേനികൂട്ടുവാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഏതാനും പ്രവർത്തികൾക്ക് തുടക്കം കുറിച്ചതൊഴിച്ചാൽ. ടൂറിസം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത് ഉൾപ്പെടുത്തിയ പൈതൃക മ്യൂസിയം ഉൾപ്പെടെയുള്ള പല ബ്രിഹത് പദ്ധതികളുടെ നിർമ്മാണം ആരംഭിക്കുവാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
▪️വർക്കല കുന്ന്
യുനസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകളുടെ സംരക്ഷണം ഇന്നും ബാലികയറാ മലയായ് തുടരുകയാണ്.
കുന്നിടിച്ചിൽ തടയുവാൻ വിവിധ ഘട്ടങ്ങളിലായി കോടികളുടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമം നടന്നെങ്കിലും, ഇതൊന്നും ഫലവാത്തായില്ല. തിരുവമ്പാടി മുതൽ ബലിമണ്ഡപം വരെയുള്ള ക്ലിഫിൻ്റെ മിക്ക ഭാഗങ്ങളും ഇപ്പോഴും തകർച്ച ഭീഷണിയിലാണ്.
▪️വീർപ്പുമുട്ടിച്ച് പ്രൈവറ്റ് ബസ്റ്റാന്റ്.
ഗതാഗതക്കുരുക്ക് അതിരൂക്ഷമായ ആറ്റിങ്ങലിൽ യാത്രികരെ കാലങ്ങളായ് വീർപ്പുമുട്ടിയ്ക്കുന്ന അവസ്ഥയിലാണ് ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ്സ്റ്റാൻഡ്. നഗരവികസനത്തിന്റെ പക്ഷം പിടിച്ചുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി ഈ പ്രൈവറ്റ് ബസ്റ്റാൻഡ് ആറ്റിങ്ങൽ മാമത്തേക്ക് പറിച്ചുനടുവാൻ ശ്രമങ്ങൾ നടന്നെങ്കിലും ഇത് പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽപ്പെട്ട് ചുവപ്പ് നാടയിൽ കുടുങ്ങുകയായിരുന്നു.
എന്നാൽ, പകരം സ്ഥലം കണ്ടെത്തി ആറ്റിങ്ങൽ നഗരത്തെ ഒന്നടങ്കം വീർപ്പുമുട്ടിക്കുന്ന ഈ പ്രൈവറ്റ് ബസ്റ്റാൻഡ് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കുവാനുള്ള നടപടികൾക്ക് തയ്യാറാകാതെ വർഷങ്ങളായി തുടരുന്ന ഉഉടമസ്ഥാവകാശ വ്യെവഹാരവുമായി മുന്നോട്ട് പോകുകമാത്രമാണ് അധികൃതർ ചെയ്യുന്നത്.
പ്രൈവറ്റ് ബസ്റ്റാൻഡ് ഇവിടെ നിന്നും മാറ്റുകയാണെന്നുണ്ടെങ്കിൽ ബഹുനില പാർക്കിംഗ് മന്ദിരം നിർമ്മിച്ചുകൊണ്ട് ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ സാധിക്കുമായിരുന്നു. ഇതുവഴി നഗരസഭയ്ക്ക് വരുമാനവും സൃഷ്ടിക്കാമായിരുന്നു.
▪️ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം.
ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം
2016 ലാണ് ചിറയിൻകീഴ് മേൽപ്പാല നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് തുടക്കമായത്. തുടർന്ന് 2021 ജനുവരി 23 ന് പദ്ധതിയുടെ നിർമ്മാണപ്രവർത്തികളുടെ ഉൽഘാടനം നടന്നു, നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി 2021 ഡിസംബർ 13 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും റെയിൽവേ ഗേറ്റ് അടച്ചിടുകയും ചെയ്തു.
ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കി പാലം തുറന്നുനൽകാനുമായിരുന്നു പദ്ധതി, ഇന്നും നിർമ്മാണ പ്രവർത്തികൾ എങ്ങുമെതാത്ത അവസ്ഥയാണ്.
▪️ആലംകോട് – മീരാൻ കടവ് റോഡ് നവീകരണം.
പണി തുടങ്ങി നാല് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിയാതെ ആലംകോട് മീരാൻ കടവ് റോഡ് പണി ഇനിയും അനന്തമായ് ഇഴഞ്ഞുനീങ്ങുകയാണ്. പൊട്ടിപ്പൊളിഞ്ഞതും ചെളിക്കെട്ടായതുമായ റോഡിലൂടെയുള്ള യാത്രയിൽ പൊറുതി മുട്ടിയിരിക്കുകയാണ് യാത്രക്കാരും പ്രദേശവാസികളും.
നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി ആലംകോട് മുതൽ മീരാൻ കടവ് വരെ പല സ്ഥലങ്ങളിലും റോഡ് വെട്ടിപ്പൊളിച്ചിട്ടത് മൂടാതെ കാലങ്ങളോളം കിടന്നു ഇത് നിരവധി അപകട മരണങ്ങൾക്കും കാരണമായിത്തീർന്നു.
▪️കായിക്കര കടവ് പാലം.
അഞ്ചുതെങ്ങ് – വക്കം പഞ്ചായത്തുകളുടെ ചിരകാലസ്വപ്നമായ കായിക്കര കടവ് പാലത്തിനായി കിഫ്ബി വഴിയാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കാൻ വില നിശ്ചയിച്ച് ക്ലെയിം നൽകുന്ന നടപടിക്രമങ്ങളും അനന്തമായ് നീണ്ടുപോകുന്നതും, പദ്ധതിക്ക് ആവശ്യമായ തുക ബഡ്ജറ്റുകളിൽ ഉൾപ്പെടുത്താത്തതും പദ്ധതി വെെകാൻ കാരണമാകുന്നു. പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമ്മാണത്തിനായി വക്കം, അഞ്ചുതെങ്ങ് വില്ലേജിൽ 2.02 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. കായിക്കര പ്രദേശത്ത് 248 മീറ്ററും വക്കത്ത് 188 മീറ്ററുമാണ് റോഡ് നിർമ്മിക്കേണ്ടത്. എന്നാൽ പ്രദേശത്തെ ഇരു പഞ്ചായത്തുകളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് യാതൊരു മുന്നോട്ട്പോകും ഉണ്ടായില്ല.
▪️തീരസംരക്ഷണം
കടലോര മേഖലകളിലെ തീരശോഷണം തടയുന്നതിന് ശശ്വത പരിഹാരമൊരുക്കുവാൻ നാളിതുവരെയും സാധിക്കാത്ത അവസ്ഥയാണ്. തീരശോഷണം വ്യാപകമായി താഴമ്പള്ളി മുഞ്ഞമൂട് 2.7 കിലോമീറ്റർ തീര സംരക്ഷണത്തിനായ് ഒൻപതോളം ഗ്രോവിങ്കൾ നിർമ്മിക്കുവാൻ തയ്യാറാക്കിയ പദ്ധതിക്ക് 2018 ൽ കിഫ്ബി അംഗീകാരം ലഭിച്ചെങ്കിലും നാളിതുവരെയും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
ഓരോ വർഷവുമുണ്ടാകുന്ന ശക്തമായ വേലിയേറ്റത്തിൽ വീടുകൾ തകർന്ന് ഭവനരഹിതരാകുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ അനുകൂല്യങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ പോലും ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്.
തീരശോഷണം അതിരൂക്ഷമായ മേഖലകളിൽ മുതലപ്പൊഴിയിൽ നിന്നും നീക്കം ചെയ്യുന്ന മണൽ നിക്ഷേപിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.
▪️ഉൾനാടൻ ജലഗതാഗതം.
ഉൾനാടൻ ജലഗതാഗതം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി
തിരുവനന്തപുരത്തേയും ബേക്കലിനെയും ബന്ധിപ്പിച്ചുകൊണ്ട് ആസൂത്രണം ചെയ്ത് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച പദ്ധതി ഇന്നും പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് ആറായിരത്തി അഞ്ഞൂറ് കോടിയിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലേക്ക് നീങ്ങി.
കേരളത്തിലെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വാട്ടർ മെട്രോയിൽ സഞ്ചരിക്കാൻ വിധംപാകത്തിൽ ആസൂത്രണം ചെയ്ത പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ ഉൾകൊള്ളുന്ന കോവളം – പാർവ്വതിപുത്തനാർ – കഠിനനംകുളം അഞ്ചുതെങ്ങ് – വർക്കല നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല.
കനാലുകൾ വികസിപ്പിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി, 13 റീച്ചുകളായി തിരിച്ചായിരുന്നു നിർമ്മാണം ആസൂത്രണം ചെയ്തിരുന്നത്. പാതയ്ക്ക് 40 മീറ്റർ വീതിയും 2.20 മീറ്റർ ആഴവുമാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്.
616 കിലോമീറ്റർ നീളം വരുന്ന ഈ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
പദ്ധതി പൂര്ണമാകുന്നതോടെ വിനോദസഞ്ചാരത്തിനും ചരക്കുനീക്കത്തിനും മുതല്ക്കൂട്ടാകുമായിരുന്നു.
▪️ കുടിവെള്ള ക്ഷാമം.
മേഖലയിലെ അഞ്ചുതെങ്ങ് – പെരുമാതുറ – കഠിനംകുളം ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ബന്ധപ്പെട്ടവർക്ക് ഇന്നും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഓരോ ഇലക്ഷൻ കാലങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുമെന്ന വാഗ്ദാനങ്ങൾ ഒഴിച്ചാൽ തീരദേശിയുടെ കുടിവെള്ളക്ഷാമം ഇന്നും പരിഹരിക്കപ്പെടാതെ ഇഴഞ്ഞുനീങ്ങുന്നു.
അടിത്തിടെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന ഉറപ്പുമായി ഗ്രാമ പഞ്ചായത്ത്ന്റെ നേതൃത്വത്തിൽ കോടികളുടെ പദ്ധതി തയ്യാറാക്കി വകുപ്പ് മന്ത്രിയെക്കൊണ്ട് നിർമ്മാണോത്ഘാടനം നടത്തിയെങ്കിലും പിന്നീട് അങ്ങോട്ട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
▪️തീരദേശ ഹൈവേ
ഒമ്പതു ജില്ലകളി 52 സ്ട്രെക്ചറിലായി 623 കിലോമീറ്റർ ദൈർഘ്യത്തിൽ കേരളത്തിൻ്റെ തീരദേശത്തുകൂടെ കടന്നുപോക്കുന്ന ബ്രിഹത് പദ്ധതിയായിരുന്നു തീരദേശ ഹൈവേ പദ്ധതി.
രണ്ടര മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, നടപ്പാത, ബസ് വേ, വാഹനപാത, വൈദ്യുതി ചാർജിംഗ് സ്റ്റെഷനുകൾ, റസ്റ്റാറൻ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ഈ പദ്ധതി.
ഈ പാതയിൽ 50 കിലോമീറ്റർ ഇടവിട്ട് 12 ഇടങ്ങലിൽ പ്രത്യക ടൂറിസം ഹബ്ബുകൾ നിർമ്മിയ്ക്കുവാനും, ഈ ടൂറിസം ഹബ്ബുകളിയിൽ എല്ലാവിധ വിനോദ സൌകര്യങ്ങളൾക്കും ഹോട്ടൽ സമുച്ചയങ്ങൾ, കഫറ്റിരിയ, പാർക്കിംഗ് സൌകര്യം, ടോയ്ലറ്റ് സൗത്ത് കാര്യങ്ങൽ, ഫ്ലോട്ടിങ്ങ് ബ്രിഡ്ജ്, മറ്റ് വിനോദ പ്രവർത്ത നങ്ങൾക്കുള്ള സൗകാര്യങ്ങ എന്നിവയും സജ്ജീകരിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ, പിന്നീട് പദ്ധതിയ്ക്കായ് ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചിരുന്നെങ്കിലും, നഷ്ടപരിഹാര പാക്കേജിലെ അവ്യക്തതയും അലൈൻമെൻ്റിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങളെ തുടർന്ന് തുടർ നടപടികൾ മന്ദീഭവിക്കുകയായിരുന്നു.
▪️പൊതു ചന്തകൾ
ചിറയിൻകീഴ്, നിലയ്ക്കാമുക്ക്, വക്കം, കടയ്ക്കാവൂർ തുടങ്ങിയ മേഖലകളിലെ പൊതു ചന്തകൾ നിർമ്മിച്ച് അടിസ്ഥാന സൗകര്യമൊരുക്കാൻ ബന്ധപ്പെട്ടവർക്ക് ഇനിയും സാധിച്ചിട്ടില്ല.
ചിലയിടങ്ങളിൽ പഴയകെട്ടിടങ്ങൾ പൊളിച്ചു നീക്കപ്പെട്ടെങ്കിലും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഇത് നൂറുകണക്കിന് വ്യാപാരികളുടെ ജീവിതം വഴിമുട്ടിച്ച അവസ്ഥയിലുമാക്കി.
▪️ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട്, അഞ്ചുതെങ്ങ് – കഠിനംകുളം ടൂറിസം ഇടനാഴി.
ജില്ലയിലെ കായലോര ടൂറിസം ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ശ്രമിച്ച
ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് അഥവാ അഞ്ചുതെങ്ങ് – കഠിനംകുളം ടൂറിസം ഇടനാഴി പദ്ധതി എങ്ങുമെത്തിയില്ല.
8.85 കോടി രൂപയുടെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതി രൂപീകരണത്തിൽ മാത്രമായ് ഒതുങ്ങുകയായിരുന്നു.
▪️പെരുമാതുറ – താഴമ്പള്ളി ബീച്ച് വികസനം .
പെരുമാതുറ – താഴമ്പള്ളി ബീച്ച് വികസനത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുവാനായ് തയ്യാറാക്കിയ പദ്ധതിയായിരുന്നു പെരുമാതുറ താഴമ്പള്ളി ബീച്ച് വികസന പദ്ധതി.
മൂന്നു കോടി രൂപ ചിലവിൽ ബീച്ച് വികസനമായിരുന്നു ലക്ഷ്യം. റോഡ്, കുട്ടികൾക്കുള്ള പാർക്ക്, ടിക്കറ്റ് കൗണ്ടർ, പവലിയൻ, ഇരിപ്പിടങ്ങൾ, ശുചിമുറി, നടപ്പാത, സ്നാക്സ് ബാർ, ചുറ്റുമതിൽ, സ്റ്റേജ്, ലൈഫ് ഗാർഡ് റൂം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുവാൻ പദ്ധതിയിട്ടിരുന്നത്, എന്നാൽ ഇന്നും ഈ പദ്ധതി വാഗ്ദാനം മാത്രമായ് തുടരുന്നു.
▪️മുരുക്കുംപുഴ – കഠിനംകുളം പാലം
കഠിനംകുളം കായലിൻ്റെ ഇരുകരകളിലായി അതിർത്തി പങ്കിടുന്ന മംഗലപുരം – കഠിനംകുളം ഗ്രാമപഞ്ചായത്ത് നിവാസികളുടെ വളരെക്കാലത്തെ ആവിശ്യങ്ങളിലെന്നാണിത്. പാലം യഥാർഥ്യമായാൽ കഠിനംകുളം, മര്യാനാട്, ചാന്നാങ്കര നിവാസികൾക്ക് ദേശീയ പാതയിലും അവിടെ നിന്ന് എം.സി. റോഡിലേക്കും എളുപ്പമെത്താൻ സാധിക്കും.
ഇതിനായ് മുൻപൊരിക്കൽ ബഡ്ജറ്റിൽ തുക വക കൊളളിച്ചിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തുടർന്നു വന്ന സർക്കാരുകൾ അലംഭാവം കാണിച്ചതാണ് ഈ പദ്ധതി ഇപ്പോഴും അനന്തമായി നീളുന്നതിന് കാരണം.

