280 മെട്രിക് ടണ്‍ ഭാരമുള്ള കരിങ്കല്ലില്‍ നിന്ന് കൊത്തിയെടുത്ത 28 അടി ബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. നേതാജിയുടെ പ്രതിമ അനാച്ഛാദനത്തിലൂടെ ആധുനിക ഇന്ത്യയുടെ പ്രാണപ്രതിഷ്ട നടത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്പഥ് അവന്യൂവിന്റെ പേര് മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കര്‍ത്തവ്യ പാതയും ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. സെന്‍ട്രല്‍ വിസ്ത അവന്യുവില്‍ സജ്ജീകരിച്ചിരുന്ന പ്രദര്‍ശനം പ്രധാനമന്ത്രി വീക്ഷിക്കുകയും ചെയ്തു. പൊതുഗതാഗതത്തിന് വലിയ തോതില്‍ തടസ്സം സൃഷ്ടിക്കാതെ റിപ്പബ്ലിക് ദിന പരേഡ് ഉള്‍പ്പെടെ ഉള്ളവ നടത്താന്‍ കര്‍ത്തവ്യപഥില്‍ സാധിക്കും. രാജ്യത്തിന്റെ ശില്‍പ്പകലാ പാരമ്ബര്യത്തിന്റെ മികച്ച ഉദാഹരണമായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയത്.
അതേസമയം, കൊളോണിയല്‍ ഭൂതകാലത്തിന്റെ ശേഷിപ്പുകളോട് വിടപറയുന്നതിന്റെ ഭാഗമായാണ് രാജ്പഥ്, കര്‍ത്തവ്യപഥ് ആയി മാറിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതു ശൗചാലയങ്ങള്‍, കുടിവെള്ളം, ഇരിപ്പിടങ്ങള്‍, നവീകരിച്ച പാര്‍ക്കിംഗ് സംവിധാനം എന്നിവ ഉള്‍പ്പെടെയുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.


