അഞ്ചുതെങ്ങ് പഞ്ചായത്ത് ഭരണസമിതിയുടെ നിഷ്ക്രിയത്വത്തിനും, നിഷേധാത്മക നിലപാടിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന 10 വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ പ്രതിഷേധ ധർണ്ണ അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജൂഡ് ജോർജിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി എസ് അനൂപ് ഉദ്ഘാടനം ചെയ്തു.
കുടിവെള്ള പ്രശ്നം പരിഹരിക്കുക, തെരുവ് നായ ശല്യം നിയന്ത്രിക്കുക, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കുക, വർദ്ധിപ്പിച്ച വസ്തു, വീട് കരം പിൻവലിക്കുക, പഞ്ചായത്ത് റോഡുകളുടെ ശോച്യവസ്ഥ പരിഹരിക്കുക, മാലിന്യങ്ങളുടെ നിർമാർജനവും, സംസ്കരണവും ഉറപ്പുവരുത്തുക, പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടവരുടെ വീടുകൾക്ക് നമ്പർ അനുവദിക്കുക, അഞ്ചുതെങ്ങ് ആശുപത്രിയിൽ ആവശ്യമരുന്നുകൾ ഉറപ്പാക്കുക, ഓടകളും, തോടുകളും വൃത്തിയാക്കുക.
പഞ്ചായത്ത് നവീകരണം പുനഃ പരിശോധിക്കുക തുടങ്ങിയവ ആവിശ്യങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഭരണസമിതി നിഷ്ക്രിയവും നിഷേധാത്മകവും ജനവിരുദ്ധവുമായ സംസ്ഥാന സർക്കാരിൻറെ അതേ നിലപാട് തന്നെയാണ് അഞ്ചുതെങ്ങ് പഞ്ചായത്ത് ഭരണസമിതിയും സ്വീകരിക്കുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു വിഎസ് അനൂപ് ആരോപിച്ചു. ഇത്തരം നിലപാടുകളുമായി മുന്നോട്ടു പോകുവാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം ധർണയ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രണ്ടുമാസ കാലയളവിനുള്ളിൽ പത്തോളം പേരിൽ അഞ്ചോളം കുട്ടികൾ തെരുവുനായ ആക്രമത്തിൽ ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിൽ ആയെങ്കിലും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ ചെലവാക്കി പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നത് ഈ ജനത്തോടുള്ള ഭരണസമിതിയുടെ മനോഭാവത്തെ തുറന്നു കാണിക്കുന്നതാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജൂഡ് ജോർജ് അഭിപ്രായപ്പെട്ടു.
ഡിസിസി അംഗം നെൽസൺ ഐസക്, പാർലമെൻററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഔസേപ്പ് ആൻറണി, മുൻ മണ്ഡലം പ്രസിഡൻറ് ഷെറിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് ദിവ്യ ഗണേഷ്, നൗഷാദ്, അൻവർഷ സജി, രാജു അലോഷ്യസ്, ചന്ദ്രൻ, ഷാജി, തമ്പി, ഗോമസ് എന്നിവർ നേതൃത്വം നൽകി.