അംഗപരിമിതർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യമായി ഇടപെടാനും തടസ്സരഹിതമായി വോട്ട് ചെയ്യാനും വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഐഎഎസ്, അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർ സി.ശർമിള ഐഎഎസ് എന്നിവർ പറഞ്ഞു.
നിയമസഭാ മന്ദിരത്തിലെ കേരളാ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ചേമ്പറിൽ നടന്ന അംഗപരിമിതസംഘടനാ നേതാക്കളുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗപരിമിതർക്കായി ചെയ്തിട്ടുള്ള പ്രത്യേക ക്രമീകരണങ്ങളും അവർ വിശദീകരിച്ചു. ഭിന്നശേഷി കമ്മീഷണർ ജസ്റ്റിസ് എസ്എച്ച്.പഞ്ചാപകേശൻ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ എന്നിവരും സന്നിഹിതരായിരുന്നു.
വോട്ടർ പട്ടികയിൽ അംഗപരിമിതി അടയാളപ്പെടുത്തിയിട്ടുള്ള 2,62,981 പേരുണ്ട്. എന്നാൽ ഇത് തീർത്തും അപൂർണ്ണമാണ്. അവരുടെ എണ്ണം ഇതിന്റെ എത്രയെങ്കിലും ഇരട്ടിയായിരിക്കും. അംഗപരിമിതർക്ക് പ്രത്യേക ക്യൂ ഉണ്ടായിരിക്കും; വീടു മുതൽ ബൂത്ത് വരെ സൗജന്യ യാത്ര ക്രമീകരിച്ചിട്ടുണ്ട്, വോട്ടു ചെയ്യാനുള്ള ബൂത്ത് താഴത്തെ നിലയിൽ ക്രമീകരിക്കണം, റാമ്പും കൈവരിയും ഉണ്ടായിരിക്കണം, ശുചിമുറി, കുടിവെള്ളം, മെഡിക്കൽ കിറ്റ്, തണൽ എന്നിവ ലഭ്യമാക്കണം, ബൂത്തിൽ പോകാനും പടികൾ കയറാനും വീൽചെയർ സൗകര്യം ഉണ്ടായിരിക്കണം. പോസ്റ്റൽ ബാലറ്റും ബ്രെയിൽ ലിപി ബാലറ്റും ബൂത്തിൽ ഉണ്ടാകും. ബിഎൽമാരുടെ സഹായത്തോടെ സക്ഷം- ഇസിഐ ആപ്പ്(SAKSHAM —ECI APP) പരമാവധി പ്രയോജനപ്പെടുത്താം. എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും.
ഇത്തരം നടപടികൾ സ്വീകരിക്കാൻ ഡിസ്ട്രിക് കോഡിനേറ്റർമാർ മേൽനോട്ടം വഹിക്കും. പരാതികൾക്ക് ഇ ലക്ഷൻ കമ്മീഷന്റെ 0471-2300121 എന്ന നമ്പരിൽ വിളിച്ച് ഇലക്ഷൻ എക്യുപ്മെന്‍റ് സെക്ഷനിൽ ബന്ധപ്പെട്ടാൽ പരിഹാരം കണ്ടെത്താനാവും.
ചീഫ് ഇലക്ടറൽ ഓഫീസർ ചേമ്പറിൽ നടന്ന യോഗത്തിൽ ഇൻഡാക്ന്റെ (ഇന്ധ്യൻ നാഷണൽ ഡിഫറെന്റ്ലീ ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസിന്റെ) നാഷണൽ പ്രസിഡന്റും ദിസ്-എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനുമായ ഡോ.എഫ്എം.ലാസർ, രാഷ്ട്രീയ വികലാംഗ സംഘിന്റെ ദേശീയ ജനറൽ സെക്രട്ടറി ഡോ.മലയൻകീഴ്.വി.പ്രേമൻ, കേരള ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് വൈശാഖ് മുണ്ടൂർ, ഭിന്നശേഷി കൂട്ടായ്മയുടെ സെക്രട്ടറി വിനോദ് കുമാർ.വികെ , ഡിഎപിസി അംഗം സ്റ്റീഫൻ, സ്റ്റാഫ് അംഗങ്ങളായ അരുൺ, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.