തെരുവ് നായ്ക്കളെ ഭയന്ന് വഴിനടക്കാനാകാതെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മാമ്പള്ളി നിവാസികൾ. തെരുവ് നായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർക്ക് അനക്കമില്ലെന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കാൽനട യാത്രക്കാരെയും വളർത്തു മൃഗങ്ങളെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. കൂട്ടമായ് എത്തുന്ന തെരുവ് നായ്ക്കളുടെ അക്രമം ഭയന്ന് സന്ധ്യ സമയങ്ങളിൽ പുറത്തിറങ്ങുവാൻപോലും കഴിയാത്ത അവസ്ഥയാണ് ഇവിടുത്ത്കാർക്ക്.
നടവഴികളിലും ഇടവഴികളിലും നിലയൂറപ്പിയ്ക്കുന്ന നായ്ക്കളെ പ്രദേശത്ത് നിന്ന് ഓടിയ്ക്കുവാൻ പ്രദേശവാസികളിൽ ചിലർ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഇതൊന്നും തെരുവ് നായ്ക്കളുടെ സ്വതന്ത്ര വിഹാരത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല ഇവ കൂടുതൽ അക്രമകാരികളാകാനും ഈ നീക്കങ്ങൾ കാരണമായിതീർന്നതായാണ് പറയപ്പെടുന്നത്.
നായ്ക്കളുടെ കടിയേൽക്കുന്നവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. കപാലീശ്വരം, മാമ്പള്ളി കടപ്പുറം, പള്ളിക്കുടി, മുണ്ടുതുറ, കായിക്കര, ഇറങ്ങുകടവ്, കായിക്കര കടവ് തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം നായ്ക്കളുടെ അതിരൂക്ഷമായശല്ല്യമുണ്ട്, വഴിവിളക്കുകളുടെ ആഭാവവും സ്ഥിതി ഗുരുതരമാകുവാൻ കാരണമാകുന്നുണ്ട്.
കാൽനട – വാഹന യാത്രക്കാർക്ക് ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പറഞ്ഞറിയിക്കാനാത്ത തരത്തിലാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ പായുന്ന നായ്ക്കൾ പലപ്പോഴും അപകടമുണ്ടാക്കാറുണ്ട്.
സ്കൂൾ കുട്ടികൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായ സംഭവങ്ങളുമുണ്ട്. റോഡിൽ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയും നായ്ക്കളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നുണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

