താനൂരില്‍ ബോട്ടപകടമുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു. ഇന്ന് നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി.
താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചു. താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരണം 23 ആയി. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രാ ബോട്ട് മുങ്ങുകയായിരുന്നു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു. വെളിച്ചമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയാണ്. ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.