എസ്എൻഡിപി യോഗം നെടുങ്ങണ്ട ഒന്നാംപാലം ശാഖായോഗം കുടുംബ സംഗമവും നെടുങ്ങണ്ട ഗുരുമന്ദിര പ്രതിഷ്ഠ വാർഷികോൽസവവും വിവിധ പരിപാടികളോടെ നടന്നു.
ശാഖായോഗം ഹാളിൽ കുടുംബ സമ്മേളനം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് വിഷ്ണു ആർ. പ്രസാദിന്റെ അധ്യക്ഷതയിൽ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്. മിഴി, കേരള സർവകലാശാല യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നെടുങ്ങണ്ട സ്വദേശി വിജയ് വിമൽ എന്നിവർക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ഉപഹാരങ്ങൾ നൽകി.
മുൻ ശാഖായോഗം സെക്രട്ടറിയും ഗുരുമന്ദിര നിർമാണ സമിതി ചെയർമാനുമായിരുന്ന യു.കെ. മണിയെ കുടുംബ സംഗമം പ്രത്യേക സ്നേഹാദരവ് നൽകി. തുടർ ചികിൽസ പദ്ധതിയിൽ പെടുത്തി 10 പേർക്കുള്ള ചികിൽസാ ധനസഹായം യൂണിയൻ പ്രസിഡന്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട നാലു കർഷകരെ ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു.അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ഗ്രാമപഞ്ചായത്തംഗം ദിവ്യ ഗണേഷ്, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഡയറക്ടർ അഴൂർ ബിജു, വനിതാ സംഘം യൂണിയൻ കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ബിജെപി നെടുങ്ങണ്ട പ്രതിനിധി എസ്.സലീവ് എന്നിവർ പ്രസംഗിച്ചു. ശാഖായോഗം സെക്രട്ടറി സജീവ് വലിയ പുരയ്ക്കൽ സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് ലോഹിദാസ് നന്ദിയും പറഞ്ഞു. വൈകിട്ടു ഗുരുമന്ദിരാങ്കണത്തിൽ സമൂഹപ്രാർഥനയും മഹാ ഗുരുപൂജയും അരങ്ങേറി.

