അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സി.എച്ച്.സി) ന് കീഴിലെ സബ് സെന്റർ പ്രവർത്തനം പെരുവഴിയിൽ. മാമ്പള്ളി മേഖലയിലെ സാധാരണക്കാർക്ക് ആശ്രയകേന്ദ്ര മാകേണ്ട സബ് സെന്റർ പ്രവർത്തനമാണ് അടിസ്ഥാന സൗകര്യങ്ങളുടെ ആഭാവത്താൽ പ്രവർത്തനം മുരടിച്ച് പെരുവഴിയിലായത്.
ആരോഗ്യരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ബ്രിഹത് ആരോഗ്യ ക്യാമ്പയിനാണ് ആയുഷ്മാൻ ഭവഃ പദ്ധതി. ആരോഗ്യമേഖലയിലെ വിവിധ പദ്ധതികളും സേവനങ്ങളും ഒരു കുടകീഴിൽ കൊണ്ടുവന്ന് ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ സുഗമമായ് ലഭ്യമാക്കുക എന്നതാണ് ആയുഷ്മാൻ ഭവ: പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
നിലവിൽ അഞ്ചുതെങ്ങ് സർക്കാർ ആശുപത്രിയ്ക്ക് കീഴിൽ (അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ – സി.എച്ച്.സി) നാല് സബ് സെന്ററുകളാണ് പ്രവർത്തിക്കുന്നത് അഞ്ചുതെങ്ങ് ആശുപത്രി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെയിൻ സെൻറും, കുന്നുംപുറം സെന്റർ , കായിക്കര സെന്റർ മാമ്പള്ളി സെന്റർ ഇതിൽ മാമ്പള്ളി സെന്ററിന്റെ പ്രവർത്തനമാണ് ജനപ്രതിനിധികളുടേയോ ഗ്രാമ പഞ്ചായത്തിന്റെയോ സഹകരണം ലഭിയ്ക്കാത്തതിനാൽ അവതാളത്തിലായിരിക്കുന്നത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡുകളായ 1-2-3-4 വാർഡ്കൾ കായിക്കര സെന്ററിന് കീഴിലും, 5-6-7-10 (10 ന്റെ പകുതി പ്രദേശങ്ങൾ) വാർഡുകൾ കുന്നുംപുറം സെന്ററിന് കീഴിലും, 8-9 വാർഡുകൾ മെയിൻ സെന്ററിന് കീഴിലും, വാർഡ് 11-12-13-14 അവാർഡുകൾ മാമ്പള്ളിസെന്ററിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്.
ഇതിൽ മാമ്പള്ളി സബ് സെന്റർ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർണ്ണമായും മുരടിച്ച് പെരുവഴിയിലായ അവസ്ഥയിലുള്ളത്. തന്മൂലം 11-12-13-14 വാർഡുകളിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആരോഗ്യ പദ്ധതികളും സേവനങ്ങളും യഥാക്രമം എത്തിച്ചു നൽകുന്നതിൽ കടുത്ത വീഴ്ച സംഭവിച്ചിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് പ്രധാന കാരണം. നിലവിൽ സബ്സെന്റർ പ്രവർത്തിക്കാൻ സ്വന്തമായോ വാടകയ്ക്കോ കെട്ടിടം ലഭ്യമാകാത്തതാണ് മാമ്പള്ളി മേഖലയിലെ ആരോഗ്യപ്രവർത്തനങ്ങൾ താറുമാറാകാനുള്ള കാരണം. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം (എൻ.എച്ച്.എം) നാഷണൽ ഹെൽത് മിഷൻ
സബ് സെന്റർ നിർമ്മാണത്തിനായി ഓരോ മേഖലയിലും 30 മുതൽ 55 ലക്ഷം വരെ തുക അനുവദിക്കുന്നുണ്ട്. എന്നാൽ ഈ തുക ലഭ്യമാകണമെന്നുണ്ടെങ്കിൽ സബ് സെന്ററിന്റെ പേരിൽ കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിധേയമായി സ്വന്തമായി ഭൂമി വാങ്ങി നൽകണം. എന്നാൽ, സംസ്ഥാന സർക്കാരോ, ഗ്രാമ പഞ്ചായത്തൊ ജനപ്രതിനിധികളോ ഇതിന് താല്പര്യം കാട്ടാത്തതാണ് നിലവിലെ സാഹചര്യത്തിനുള്ള പ്രധാന കാരണം.
മെയിൻ സെന്റർ അഞ്ചുതെങ്ങ് ആശുപത്രിയിലും, കുന്നുംപുറം സെന്റർ സ്വന്തം കെട്ടിടത്തിലും, കായിക്കരയ്ക്ക് വാടകക്കെട്ടിടത്തിലുമാണ് പ്രവർത്തിച്ചുവരുന്നത്. ഇതിൽ കായിക്കര സെന്ററിന് സൗജന്യമായി ഭൂമി വിട്ടുനൽകുവാൻ പ്രദേശവാസിയായ ഒരാൾ മുന്നോട്ടു വന്നതായാണ് സൂചന.
എന്നാൽ മാമ്പള്ളി സബ് സെന്ററിനാകട്ടെ വാടകകെട്ടിടം പോലും കണ്ടെത്തുവാൻ ഭരണപക്ഷമോ പ്രതിപക്ഷമോ ജനപ്രതിനിധികളായ വാർഡ് മെമ്പർമാർക്കോപോലും താല്പര്യം ഇല്ലാത്ത അവസ്ഥയാണ്. തന്മൂലം ഈ മേഖലയിലെ സാധാരണക്കാർക്ക് വീട്ടുപടിക്കൽ ലഭ്യമാകേണ്ടുന്ന കേന്ദ്ര സർക്കാർ സേവനങ്ങളായ
കുഞ്ഞിന്റെ ജനനം മുതൽ 16 വയസ്സ് വരെയുള്ള വിവിധ രോഗപ്രതിരോധ വാക്സിനുകൾ, ഗർഭിണികൾക്കുള്ള ആരോഗ്യപരിചരണങ്ങൾ, ജീവിതശൈലീരോഗ നിർണയങ്ങൾ, കൗമാര പരിചരണം, പ്രഥമ ശുശ്രൂഷ, മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യൽ, മരുന്നുവിതരണം, നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയവയും കൂടാതെ, രാജ്യത്തെ മുഴുവൻ ആരോഗ്യ സംരക്ഷണത്തെയും ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിയുടെ ഭാഗമായുള്ള ആഭ (ABHA) ഡിജിറ്റൽ ഹെൽത്ത് കാർഡ് സൗജന്യ രജിസ്ട്രേഷൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകാത്ത അവസ്ഥയാണ്.
എത്രയും പെട്ടെന്ന്തന്നെ ഈ മേഖലയിലെ സബ്സെന്റർ പ്രവർത്തനങ്ങൾക്കായി അടിയന്തരമായി ഒരു വാടകംകെട്ടിടം കണ്ടെത്തി നൽകുകയും തുടർന്ന് സമയബന്ധിതമായി ഈ മേഖലയിൽ സബ് സെന്റർ നിർമ്മാണത്തിനായുള്ള ഭൂമി കണ്ടെത്തി നൽകുവാനും അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

