Saturday, August 24, 2024
HomeCHIRAYINKEEZHUശാർക്കര കാളിയൂട്ടിന് സമാപനം.

ശാർക്കര കാളിയൂട്ടിന് സമാപനം.

അസുരമൂർത്തിയായ ദാരികനും വരദായിനിയായ ഭദ്രകാളിയും ഉറഞ്ഞാടിയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. വൈകിട്ട് അഞ്ചു മണിയോടെ ചുട്ടികുത്തുപുരയിൽ നിന്ന് സർവാഭരണവിഭൂഷിതയായ ദേവിയും പരിവാരങ്ങളും തെക്കേ നടയിലെത്തി. ഭദ്ര പടക്കളത്തിലിറങ്ങിയതോടെ പതിനൊന്ന് കതിനകൾ മുഴങ്ങി. പോർക്കളത്തിൽ മൂന്നു വലംവച്ച ഭദ്രകാളിയെ വെറ്റിലകൾ എറിഞ്ഞ് ഭക്തജനങ്ങൾ എതിരേറ്റു.

തുടർന്നങ്ങോട്ട് ദാരികനുമായി അത്യുഗ്ര പോരാട്ടം. വിശ്രമിക്കാനായി പടക്കളത്തിന്റെ തെക്ക് -വടക്ക് ഭാഗങ്ങളിൽ പറണുകൾ കെട്ടിയിരുന്നു. 42 കോൽ പൊക്കത്തിലുള്ള തട്ടിലാണ് കാളിയുടെ ഇരിപ്പ്. തെക്ക് 27 കോൽ പൊക്കത്തിലെ തട്ടാണ് ദാരികന്. ദാരികന്റെ അസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെടുന്നു. മോഹാലസ്യം തീർക്കാൻ പറണിൽ വിശ്രമിക്കുന്നു. അപ്പോൾ ദുർഗാദേവി പ്രത്യക്ഷപ്പെട്ട് ദാരികന്റെ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്നു. ദാരിക ശക്തിയുടെ ഉറവിടമായ ഒരു മന്ത്രം രാക്ഷസ പത്നിയിൽ നിന്ന് മനസിലാക്കിയാൽ വിജയം സുനിശ്ചിതമെന്ന തിരിച്ചറിവിൽ ഭദ്രകാളി അതിനായി പുറപ്പെടുകയാണ്. വീണ്ടും ക്ഷേത്രത്തിലെത്തി തീർത്ഥവും പ്രസാദവും വാങ്ങി വീണ്ടും പോർക്കളത്തിലേക്ക് പായുന്നു. ദാരികനെ വധിക്കുന്ന രംഗം പ്രതീകാത്മകമായി കുലവാഴ വെട്ടിയാണ് നിർവഹിച്ചത്.

തുടർന്ന് കുരുതി നടത്തിയശേഷം വിളക്കെഴുന്നളളിപ്പ് നടന്നു. ഏഴു വലയം വിളക്കെഴുന്നളളിപ്പ് കഴിഞ്ഞ് തുളളൽപ്പുരയിലെത്തി മുടിയിറക്കി. മുടിത്താളം തുളളിയ ദേവിയെ പിതാവായ പരമശിവൻ ഉപദേശിച്ച് ശാന്തസ്വരൂപിണിയാക്കുന്നു. കലശത്തിൽ കെട്ടിവച്ചിരുന്ന വിത്തെടുത്ത് ദേവിയുടെ മുടിയിൽ വിതറി സ്ഥാനികളുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ മുടിയിറക്കുന്നതോടെ കാളിയൂട്ടിന് തിരശ്ശീല വീണു. മഹാരാജാവിന്റെ കാലം തൊട്ടേ പൊന്നറ തറവാട്ടുകാർക്കാണ് കാളിയൂട്ട് നടത്താനുള്ള അവകാശം. പൊന്നറ കുടുംബാംഗം കാട്ടാക്കട നാഗബ്രഹ്മത്തിൽ അശോക് കുമാറാണ് ഭദ്രകാളിവേഷം കെട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES