മുതലപ്പൊഴിയിലെ അപകട പരമ്പരയെത്തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സ്മാർട്ട് ആന്റ് ഗ്രീൻ ഹാർബറായി ഉയർത്തുന്നതിന് 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിൽ നിന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി സ്വീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കുവാനും പതിനെട്ട് മാസത്തിനകം പൂർത്തീകരിക്കുവാനും നടപടികൾ സ്വീകരിച്ചുവരുന്നതായി മത്സ്യബന്ധന തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കൂടാതെ അദാനി പോർട്ട്‌സ് ലോഡ് ഔട്ട്‌ഫെസിലിറ്റി നിർമ്മിക്കുന്നതിനായി മുറിച്ചുമാറ്റിയ തെക്കേ പുലിമുട്ടിന്റെ ഭാഗം പുർവ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പൂർത്തീകരിക്കുമെന്നും സെക്രട്ടറി റിപ്പോർട്ട് നൽകി. അദാനി പോർട്ട്‌സ് മുഖേന പൂർത്തീകരിക്കാൻ കഴിയാതെ വരുന്ന ഡ്രഡ്ജിംഗ് പ്രവൃത്തി വകുപ്പ് മുഖേന നടപ്പിലാക്കാനും അതിന്റെ ചെലവ് അദാനി പോർട്ട്‌സ് വഹിക്കുന്നതിനുള്ള 2.05 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും പ്രവൃത്തി ടെൻഡർ ചെയ്യുന്നതിനായി ഫണ്ട് ഡിപ്പോസിറ്റ് ചെയ്യുന്നതിന് അദാനി പോർട്ട്‌സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദാനി പോർട്ട്‌സ് തുക ഡിപ്പോസിറ്റ് ചെയ്താലുടൻ പ്രവൃത്തി ടെൻഡർ ചെയ്ത് ഡ്രെഡ്ജിംഗ് പ്രവൃത്തി നടപ്പിലാക്കി പൊഴിഭാഗം അപകടരഹിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കന്നതാണെന്നും തുറമുഖ വകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.