Wednesday, August 21, 2024
HomeCHIRAYINKEEZHUതൊണ്ടിവാഹനങ്ങൾ വിനയാകുന്നു : ശാർക്കരക്ഷേത്രഭൂമിയിയിലെ ദേവഹരിതം പദ്ധതി അവതാളത്തിൽ.

തൊണ്ടിവാഹനങ്ങൾ വിനയാകുന്നു : ശാർക്കരക്ഷേത്രഭൂമിയിയിലെ ദേവഹരിതം പദ്ധതി അവതാളത്തിൽ.

ഉപേക്ഷിച്ച തൊണ്ടിവാഹനങ്ങൾ ശാർക്കരക്ഷേത്രം ഭൂമിയിയിലെ ദേവഹരിതം പദ്ധതിയ്ക്ക് വിനയാകുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈവശമുള്ള ക്ഷേത്രങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി കൃഷിയിടങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ദേവഹരിതം പദ്ധതിക്ക് തുടക്കമിട്ടത്.

പദ്ധതിയുടെ ഭാഗമായി ശാർക്കര ക്ഷേത്രഭൂമിയായ ഭഗവതിക്കൊട്ടാരം സ്ഥിതിചെയ്യുന്ന ഒന്നേകാൽ ഏക്കർ കൃഷി ഭൂമിയാക്കി മാറ്റാൻ കഴിഞ്ഞദിവസം തുടക്കംകുറിച്ചിരുന്നു. എന്നാൽ പഴയ പോലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ഭഗവതി കൊട്ടാരവളപ്പിൽ തൊണ്ടിമുതലായി അവശേഷിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തത് ഇപ്പോൾ പദ്ധതിയ്ക്ക് വിനയായിരിക്കുകയാണ്.

പച്ചക്കറിക്കൃഷിക്കുപുറമേ ആനകൾക്കുള്ള തീറ്റപ്പുൽ കൃഷിയാണ് ഭഗവതി കൊട്ടാരവളപ്പിൽ ആരംഭിക്കുവാൻ പദ്ധതി ഇട്ടിരുന്നത്. എന്നാൽ തൊണ്ടിമുതലായി സൂക്ഷിച്ചിട്ടുള്ളതും കുന്നുകൂടിക്കിടക്കുന്നതുമായ തുരുമ്പിച്ച വാഹനഭാഗങ്ങൾ കഴിയുന്നത്ര മാറ്റി ബാക്കിയുള്ള ഇടത്താണ് ഒടുവിൽ തീറ്റപ്പുൽക്കൃഷി ആരംഭിക്കാൻ ക്ഷേത്ര അധികൃതർക്കായത്.

കഴിഞ്ഞ 2013-ൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ഭഗവതി കൊട്ടാരത്തിൽനിന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിക്കു സമീപം പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് പൂർണമായും മാറ്റിയിരുന്നു.

എന്നാൽ പിടിച്ചെടുത്തതും ഉടമകൾ ഉപേക്ഷിച്ചതും കേസിൽപ്പെട്ടതുമായ വാഹനങ്ങൾ ഇവിടെനിന്നു മാറ്റുന്ന കാര്യത്തിൽ നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പലതവണ ആഭ്യന്തരവകുപ്പിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ബോർഡ് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ലക്ഷങ്ങൾ ചെലവഴിച്ച് രണ്ട് ആനത്തറികൾ ഇവിടെ നിർമിച്ചെങ്കിലും ഇഴജന്തുക്കളുടെ ശല്യം കാരണം വർഷങ്ങളായി ഉപയോഗിക്കാനാകാതെവരുകയും ചെയ്തു.

മാസങ്ങൾക്കുമുമ്പ് മാത്രമാണ് ശാർക്കര ദേവസ്വം വക ആനകളായ
ആഞ്ജനേയനെയും ചന്ദ്രശേഖരനെയും ഇവിടെ തളച്ചിടാൻ തീരുമാനിച്ചത്. അതിനായി കൊട്ടാരവളപ്പിലെ കാടുവെട്ടിത്തെളിച്ചിട്ടും വാഹനക്കൂന കിടക്കുന്നയിടം വൃത്തിയാക്കാൻ ബോർഡിന് കഴിഞ്ഞിരുന്നില്ല.

ടെൻഡർ നടപടികളിലൂടെ ജില്ലാ കളക്ടർക്കാണ് തൊണ്ടിവാഹനങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം. നീക്കം ചെയ്യാനുള്ള റിപ്പോർട്ട് നൽകാൻപോലും ചിറയിൻകീഴ് പോലീസ് ശ്രമിക്കുന്നില്ലെന്ന് ക്ഷേത്രോപദേശകസമിതി ആരോപിക്കുന്നു.

ദേവസ്വം ആനകൾക്കും കൃഷിക്കും ഒരുപോലെ തടസ്സമായ തൊണ്ടിവാഹനങ്ങൾ ആഭ്യന്തരവകുപ്പ് അടിയന്തരമായി ഇടപെട്ട് നീക്കണമെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്കുഴിയും സെക്രട്ടറി അജയൻ ശാർക്കരയും ആവശ്യപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES