Tuesday, August 27, 2024
HomeKERALAവക്കം പുരുഷോത്തമൻ തൊണ്ണൂറ്റഞ്ചിന്റെ നിറവിൽ.

വക്കം പുരുഷോത്തമൻ തൊണ്ണൂറ്റഞ്ചിന്റെ നിറവിൽ.

സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചെങ്കിലും വക്കം പുരുഷോത്തമൻ സജീവരാഷ്ട്രീയത്തിൽ ശ്രദ്ധാലുവാണ്. 95 വയസ്സിന്റെ നിറവിലും കൂടുതൽ സമയം മാറ്റിവയ്ക്കുന്നത് പത്രവായനയ്ക്കും വാർത്താ ചാനലുകൾ കാണുന്നതിനുമാണ്. കോൺഗ്രസിലെ മുതിർന്ന നേതാവായ വക്കം പുരുഷോത്തമന് ഇന്ന് 95 തികയുകയാണ്.

കുമാരപുരം പൊതുജനം റോഡിലെ വീട്ടിൽ ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. ലില്ലിക്കും കൊച്ചുമകൾ അഞ്ജുവിനും കുടുംബത്തിനുമൊപ്പമാണ് താമസം. മൂത്തമകൻ പരേതനായ ബിജുവിന്റെ മകളാണ് അഞ്ജു. ചൊവ്വാഴ്ച അടുത്ത ബന്ധുക്കളെല്ലാം ചേർന്ന് ഒരു ജൻമദിനാഘോഷം ഒരുക്കിയിട്ടുണ്ട്. ഒമ്പത് സഹോദരങ്ങളും മക്കളും കുടുംബങ്ങളുമാണ് ആഘോഷത്തിനെത്തുക. പത്ത് സഹോദരങ്ങളിൽ മൂത്തയാളാണ് പുരുഷോത്തമൻ.

ജീവിതശൈലീരോഗങ്ങളായ പ്രമേഹവും രക്തസമ്മർദവുമൊന്നും ഇദ്ദേഹത്തിനടുത്തുകൂടിപോലും പോയിട്ടില്ല. ഭക്ഷണത്തിനും പ്രത്യേക നിയന്ത്രണമൊന്നുമില്ല. അളവ് കുറച്ചിട്ടുണ്ടെന്നു മാത്രം. രാവിലെ വീട്ടുമുറ്റത്തെ നടത്തമാണ് വ്യായാമം. ഒരു വർഷമായി പുറത്ത് യാത്രകളൊന്നുമില്ല.

രാവിലെ മുതൽ ഉച്ചവരെ പത്രവായനയാണ്. തുടർന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് അൽപ്പം മയക്കം. ഉച്ചയ്ക്കു ശേഷം പുസ്തകങ്ങളാണ് വായിക്കുന്നത്. വൈകീട്ട് വാർത്താ ചാനലുകളും കാണും. രാഷ്ട്രീയത്തിലെ സമകാലിക വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. കെ.വി.തോമസുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ ദൗർഭാഗ്യകരമെന്ന് അദ്ദേഹം പറയുന്നു. മറ്റൊരു പാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്ത് സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല. പക്ഷേ, മറ്റൊരു പാർട്ടിയിലേക്കു മാറുന്നത് ദൗർഭാഗ്യകരമാണ്. ആദ്യം ലഭിക്കുന്ന പരിഗണന പിന്നീടുണ്ടാവാറില്ലെന്നും പുരുഷോത്തമൻ പറഞ്ഞു. രാഷ്ട്രീയത്തിലും വിരമിക്കൽ വേണമെന്നും പ്രായമായാൽ പിന്നെ കടിച്ചുതൂങ്ങിക്കിടക്കുന്നതു ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് നല്ലതല്ലെന്നും താൻ ഗ്രൂപ്പ് രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. അവരവരുടെ നിലനിൽപ്പിനു വേണ്ടിയാണ് ഗ്രൂപ്പ്. പക്ഷേ, അത് പാർട്ടിയുടെ നാശത്തിനു വേണ്ടിയാകരുത്. ചില സമയത്ത് തനിക്കും ഗ്രൂപ്പിനൊപ്പം നിൽക്കേണ്ടിവന്നിട്ടുണ്ട്.

ആൻഡമാനിൽ ലെഫ്റ്റനന്റ് ഗവർണറായിരുന്ന സമയത്താണ് തൃപ്തികരമായി പ്രവർത്തിക്കാൻ സാധിച്ചതെന്നും ആ സമയത്ത് അവിടെ നിരവധി വികസനപ്രവർത്തനങ്ങൾ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി, എം.എം.ഹസൻ, പാലോട് രവി തുടങ്ങിയവർ ഇടയ്ക്ക് വിളിക്കാറുണ്ട്. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കെ.സുധാകരനും വി.ഡി.സതീശനും വിളിക്കും. അങ്ങോട്ട് ആരെയും വിളിച്ച് ശല്യംചെയ്യാറില്ല. കോടിയേരി ബാലകൃഷ്ണനും വെള്ളാപ്പള്ളി നടേശനും നല്ല സുഹൃത്തുക്കളാണ്. ഇവരും വിളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബിന്ദു, ബിനു പുരുഷോത്തമൻ എന്നിവരാണ് മറ്റു മക്കൾ.
മൂന്നുതവണ മന്ത്രിയും രണ്ടുതവണ സ്പീക്കറും ആയിരുന്ന പുരുഷോത്തമൻ രണ്ടുതവണ എം.പി.യുമായിരുന്നു. തിരക്കുള്ള അഭിഭാഷകവൃത്തിയിൽ നിന്നപ്പോൾ ആർ.ശങ്കറിന്റെ നിർദേശപ്രകാരമാണ് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES