മീരാൻകടവ് – ചെക്കാലവിളാകം റോഡിൽ വെള്ളക്കെട്ട് പതിവായിട്ടും ശാസ്വത പരിഹാരം കാണുവാൻ നടപടിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
മഴ മാനത്ത് കണ്ടാൽ വെള്ളക്കെട്ടായ് മാറുന്ന മരാൻകടവ് – ചെക്കാലവിളാകം റോഡാണ് ഇന്നും നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതം വിതയ്ക്കുന്നത്. മഴപെയ്ത് വെള്ളക്കെട്ട് ആകുന്നതോടെ ഇതുവഴിയുള്ള
ഗതാഗതം ദുഷ്കരമാകുന്നത് പതിവ് കാഴ്ചയാണ്. ദിവസങ്ങളോളം കഴിഞ്ഞാലും വെള്ളക്കെട്ട് നീക്കം ചെയ്യുവാൻ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്നൊ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗ്ത്ത്നിന്നൊ കാര്യമായ ഒരു നടപടികളും ഉണ്ടാകാറില്ല.
മഴ ശക്തമാകുന്നതോടെ രണ്ടടിയിൽ കൂടുതൽ വെള്ളക്കെട്ടാണ് ഈ ഭാഗങ്ങളിൽ രൂപപ്പെടുന്നത്, തന്മൂലം ഇരുചക്ര മുചക്ര വാഹനങ്ങൾ ഗ്യാസ് ഏജൻസി റോഡ് – റെയിൽവെസ്റ്റേഷൻ വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ഈ വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കുള്ളിലും ഇഞ്ചിനിലും വെള്ളം കയറി കേടായ സംഭവങ്ങളും നരവധിയാണ്.
താഴ്ന്ന പ്രദേശമായ ഇവിടെ എല്ലാ മഴക്കാലങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്, എന്നാൽ ഇത് പൂർണ്ണമായും ഒഴുകി പോയില്ലെങ്കിലും ചെറിയൊരു ശതമാനം മലിനജലവും സമീപത്തെ ഓടയിലൂടെ മീരാൻ കടവ് കായലിലേക്ക് ഒഴുകിപോകുകയായിരുന്നു പതിവ്. എന്നാൽ നിലവിൽ ഈ ഓട കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കി ശുചീകരിയ്ക്കാത്തത് ഈ മേഖലയിലെ ക്രമാതീതമായ വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
കൃത്യമായ ഇടവേളകളിൽ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഗ്രാമ പഞ്ചായത്ത് അധികൃതർ താൽപര്യം കാട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ തന്നെ പ്രദേശത്തെ ഓടകൾ മണ്ണും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്. ഓടകൾ ശുചീകരിക്കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ പ്രദേശവാസികൾ സമീപിച്ചെങ്കിലും ഇത് പിഡബ്ല്യുഡി റോഡ് ആണെന്നും അവിടെ വൃത്തിയാക്കാനുള്ള ചുമതല പിഡബ്ല്യുഡി യ്ക്കാണെന്നും ചൂണ്ടിക്കാട്ടി ഗ്രാമ പഞ്ചായത്ത് അധികൃതർ കൈയൊഴിയുകയായിരുന്നതായും ആക്ഷേപമുണ്ട്.
പ്രദേശത്ത്, അനിയന്ത്രിതമായി വെള്ളം കെട്ടിനിൽക്കുന്നതിലൂടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളും ദുരിതത്തിലായിരിക്കുകയാണ്, വെള്ളം കെട്ടിനിൽക്കുന്ന റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ മലിന മലിനജലം കടയ്ക്കുള്ളിലേക്ക് കയറുന്ന അവസ്ഥയിലാണ്.
എത്രയും പെട്ടെന്ന് തന്നെ താഴ്ന്ന ഭാഗങ്ങൾ മണ്ണിട്ട് ഉയരം കൂട്ടി റോഡ് നിർമ്മിച്ചും, സമീപത്തെ ഓടകൾ നവീകരിച്ചും, കൃത്യമായ ഇടവേളകളിൽ ഓടകളിൽ നിന്ന് മാലിന്യം നീക്കം ചെയ്തും മലിനജലം ഒഴുകി പോകുവാനുള്ള ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.





