41 ദിവസത്തെ മണ്ഡലകാല പൂജകള്‍ക്കൊടുവില്‍ നടക്കുന്ന മണ്ഡലപൂജയ്ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുകയാണ്. 27 ന് പകല്‍ 12.30നും ഒന്നിനുമിടയില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡല പൂജ.
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര 26ന് പകല്‍ രണ്ടിന് പമ്പയിലെത്തും.
ദേവസ്വം അധികൃതര്‍ സ്വീകരിച്ച് പമ്പാ ഗണപതി കോവിലിലേക്ക് ആനയിക്കും. വൈകിട്ട് മൂന്നുവരെ തീര്‍ഥാടകര്‍ക്ക് തങ്കഅങ്കി ദര്‍ശിക്കാം.
3.15ന് പമ്പയില്‍നിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.15ന് പതിനെട്ടാംപടിക്കുമുകളില്‍ കൊടിമരച്ചുവട്ടില്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. സോപനത്ത് തന്ത്രി കണ്ഠര് രാജീവര് തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.
26ന് രാത്രി 9.30ന് അത്താഴപൂജയ്ക്കുശേഷം 11.20ന് ഹരിവരാസനംപാടി നടയടയ്ക്കും. 27ന് പുലര്‍ച്ചെ മൂന്നിന് നടതുറക്കും. മണ്ഡലപൂജയ്ക്കുശേഷം നടയടച്ച് വൈകിട്ട് വീണ്ടും തുറക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

