59 ലക്ഷം ടണ്‍ ലിഥിയം നിക്ഷേപം ജമ്മു കാശ്മീരില്‍ കണ്ടെത്തി. ഇലക്ട്രിക് വാഹനങ്ങളിലും മൊബൈലിലും ലാപ്ടോപ്പിലും ഉള്‍പ്പെടെ ഉപയോഗിക്കുന്ന റീച്ചാര്‍ജ് ബാറ്ററിയിലെ പ്രധാനഘടകമായ ലിഥിയമാണ് ജമ്മു കാശ്മീരില്‍ കണ്ടെത്തിയത്.
ഇത് ഇന്ത്യയില്‍ ഹരിതോര്‍ജ്ജ വിപ്ലവത്തിനും വന്‍ സാമ്പത്തിക കുതിപ്പിനും കളമൊരുക്കുമെന്നാണ് വിലയിരുത്തൽ. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍-ഹൈമാന പ്രദേശത്താണ് രാജ്യത്താദ്യമായി ഇത്രയും വലിയ ശേഖരം കണ്ടെത്തിയത്.
ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നാല് വര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വന്ന ധാതു പര്യവേക്ഷണത്തിലാണ് ജമ്മു കാശ്മീരില്‍ ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു.
പെട്രോള്‍, ഡീസല്‍ വില താങ്ങാനാവാതെയും മലിനീകരണം ഒഴിവാക്കാനും ലോകമാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോള്‍ ഇത്രയും വലിയ ലിഥിയം ശേഖരം ഇന്ത്യയെ ഈ മേഖലയില്‍ സ്വയം പര്യാപ്തമാക്കും. ഇപ്പോള്‍ ലിഥിയം ബാറ്ററി ചൈന, ജപ്പാന്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
ജിയോളജിക്കല്‍ സര്‍വേയുടെ പര്യവേക്ഷണത്തില്‍ ലിഥിയത്തിന് പുറമേ നിക്കല്‍, കോബാള്‍ട്ട്, സ്വര്‍ണ്ണം എന്നിവയുള്‍പ്പെടുന്ന 51 ധാതു ബ്ലോക്കുകളും കണ്ടെത്തി. ജമ്മുകാശ്മീര്‍, ആന്ധ്ര, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്,കര്‍ണ്ണാടക,മദ്ധ്യപ്രദേശ്,ഒഡിഷ,രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇവ കണ്ടെത്തിയത്. 7897 ദശലക്ഷം ടണ്‍ കല്‍ക്കരി, ലിഗ്നൈറ്റ് നിക്ഷേപവും കണ്ടെത്തി.

